മഴക്കെടുതി; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക: കാന്തപുരം ഉസ്താദ്


കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടിയും വെള്ളപ്പൊക്കത്തിലും ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്നും, അടിയന്തര ജാഗ്രത പുലർത്തുന്നതിനൊപ്പം ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആഹ്വാനം ചെയ്തു.
വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയവരും, പുറംജോലികളിൽ ഏർപ്പെടുന്നവരും, മത്സ്യതൊഴിലാളികളും ഉൾപ്പെടെ അനേകം സാധാരണക്കാരുടെ ജീവിതവും വരുമാനവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇത്തരം ആളുകളെ ചേർത്തുപിടിക്കാനും, സാധ്യമായ ഭാവി ദുരന്തങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകാനും സർക്കാരും സന്നദ്ധ സംഘടനകളും അടിയന്തരമായി മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മഴക്കെടുതി നേരിടുന്നതിനായി എസ്.വൈ.എസ് സാന്ത്വനത്തിന്റെ പരിശീലനം ലഭിച്ച വളണ്ടിയർമാർ സംസ്ഥാനത്തുടനീളം സജ്ജരായി രംഗത്തുണ്ട്. സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് ഈ പ്രയാസകരമായ ഘട്ടത്തെ അതിജീവിക്കാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം