പ്രകടനപരതയില്ലാത്ത പണ്ഡിതനായിരുന്നു ചെറിയ എ പി ഉസ്താദ് - സി മുഹമ്മദ് ഫൈസി
മർകസ് പുറത്തിറക്കുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ ഓർമ്മപ്പുസ്തകത്തിൻറെ പ്രഖ്യാപനവും സി. മുഹമ്മദ് ഫൈസി നിർവ്വഹിച്ചു....
മർകസിൽ നടന്ന എപി മുഹമ്മദ് മുസ്ലിയാർ അനുസ്മരണ സമ്മേളനത്തിൽ സി. മുഹമ്മദ് ഫൈസി സംസാരിക്കുന്നു
Markaz Live News
November 24, 2022
Updated
കോഴിക്കോട്: പാണ്ഡിത്യത്തിൽ ഉന്നതനായിരിക്കുമ്പോഴും അനേകം ശിഷ്യരുടെ ഗുരുവായിരിക്കുമ്പോഴും ഒട്ടും ജാഡകളില്ലാതെ ജീവിച്ച മഹത് വ്യക്തിയായിരുന്നു എപി മുഹമ്മദ് മുസ്ലിയാരെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. വലിയ സമ്മേളനങ്ങളിൽ മാത്രമല്ല ഗ്രാമാന്തരങ്ങളിൽ പോലും അനുവാചകരുടെ എണ്ണവും വണ്ണവും നോക്കാതെ മണിക്കൂറുകളോളം പ്രഭാഷണം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അവിടുത്തെ അവസാനമായി ഒരുനോക്ക് കാണാനും ജനാസ നിസ്കാരത്തിൽ പങ്കെടുക്കാനും എത്തിയ ആയിരങ്ങൾ അദ്ദേഹം സുസമ്മതനായിരുന്നു എന്നതിന് തെളിവാണ്. സാധാരണക്കാർക്കും പണ്ഡിതർക്കുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാതൃകകളുണ്ട് എന്നും സി മുഹമ്മദ് ഫൈസി അനുസ്മരിച്ചു.
മർകസ് പുറത്തിറക്കുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ ഓർമ്മപ്പുസ്തകത്തിൻറെ പ്രഖ്യാപനവും അദ്ദേഹം നിർവ്വഹിച്ചു. ബന്ധുക്കൾ സ്നേഹ ജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ സ്മരണകൾ ഡിസംബർ 15ന് മുമ്പായി 9846311155 വാട്ട്സ്ആപ്പ് നമ്പർ, souvenir@markaz.in ഇമെയിൽ വഴി അയക്കാം.