മർകസ് സാദാത്ത് സംഗമത്തിന് പ്രൗഢസമാപനം
മർകസ് സാദാത്ത് സംഗമം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
മർകസ് സാദാത്ത് സംഗമം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: നബി കുടുംബത്തിന്റെ പാരമ്പര്യവും പൈതൃകവുമുള്ള സയ്യിദന്മാർ മത-സാമൂഹിക പ്രവർത്തനങ്ങളിൽ ഉത്സാഹിക്കുകയും സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുകയു ചെയ്യണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസിൽ നടന്ന സാദാത്ത് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതത് കാലത്തെ സാമൂഹ്യ പ്രതിസന്ധികൾ സയ്യിദന്മാരും പണ്ഡിതരും യോജിച്ച് നേരിട്ട പാരമ്പര്യമാണ് ഇസ്ലാമിനുള്ളതെന്നും യഥാർത്ഥ ഇസ്ലാമിനെയും അഹ്ലുസ്സുന്നയെയും വിളംബരം ചെയ്യുന്ന സമസ്തയുടെ പ്രവർത്തനങ്ങളിൽ സയ്യിദന്മാർ സജീവമാവണമെന്നും കാന്തപുരം പറഞ്ഞു.
എല്ലാ ഹിജ്റ വർഷവും മുഹർറം 9ന് ചരിത്ര സ്മരണയോടെ സംഘടിപ്പിക്കുന്ന സാദാത്ത് സംഗമത്തിൽ കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള രണ്ടായിരത്തോളം സയ്യിദന്മാരാണ് സംബന്ധിക്കാറുള്ളത്. സാദാത്ത് സംഗമങ്ങളുടെ ചുവടുപിടിച്ചാണ് നബി കുടുംബത്തിൽ പെട്ടവർക്ക് വേണ്ടിയുള്ള വിവിധ ക്ഷേമ പദ്ധതികൾ മർകസ് ആരംഭിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ അർഹരായവർക്ക് സമർപ്പിച്ച 111 സാദാത്ത് ഭവനങ്ങളും ചികിത്സാ ആനുകൂല്യങ്ങളും വിദ്യാഭ്യാസ സഹായങ്ങളുമെല്ലാം ഇത്തരത്തിൽ സയ്യിദന്മാർക്കായി മർകസ് ആവിഷ്കരിച്ച് നടപ്പിലാക്കിയ സാമൂഹ്യക്ഷേമ പദ്ധതികളാണ്. സയ്യിദ് കുടുംബങ്ങളുടെ ഭൗതികവും സാമൂഹികവുമായ ഉന്നമനത്തിന് വേണ്ടി ഒട്ടനേകം പദ്ധതികളാണ് മർകസ് ഓരോ വർഷവും തയ്യാർ ചെയ്യുന്നത്.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സമസ്തയുടെ സ്ഥാപക പ്രസിഡന്റായ വരക്കൽ മുല്ലക്കോയ തങ്ങൾ ഈ തലമുറയിലെ സയ്യിദന്മാർക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബഹുഭാഷാ പണ്ഡിതനായ വരക്കൽ മുല്ലക്കോയ തങ്ങൾ അറക്കൽ രാജകുടുംബത്തിന്റെ ഉപദേഷ്ടാവായിരുന്നു. ആത്മീയമായും ഭൗതികമായും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും കേരളീയ മുസ്ലിം സമൂഹത്തിന്റെ മത-സാമൂഹിക വികസനത്തിനായി അദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചു. ഈ മാതൃക പിൻപറ്റി സാമൂഹിക ദൗത്യങ്ങൾക്ക് സയ്യിദന്മാർ നേതൃത്വം നൽകണമെന്നും ഖലീൽ തങ്ങൾ പറഞ്ഞു.
മർകസ് നോളേജ്സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം സന്ദേശ പ്രഭാഷണം നടത്തി. മർകസിന്റെ പൂർവ്വകാല പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സാദാത്തുക്കളെയും ഉസ്താദുമാരെയും ചടങ്ങിൽ അനുസ്മരിച്ചു. അതിഥികളായെത്തിയവർക്ക് മർകസിന്റെ സ്നേഹോപഹാരം നൽകി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബൂബക്കർ സഖാഫി വെണ്ണക്കോട് സംസാരിച്ചു. സയ്യിദ് ഹബീബ്കോയ തങ്ങൾ ചെരക്കാപ്പറമ്പ് , സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് അശ്റഫ് തങ്ങൾ ആദൂർ, എളങ്കൂർ മുത്തുക്കോയ തങ്ങൾ സംബന്ധിച്ചു.