അന്താരാഷ്ട്ര മീലാദ് കോൺഫറൻസ്; വേദിയായി വീണ്ടും ചരിത്ര നഗരി
അന്താരാഷ്ട്ര മീലാദ് കോൺഫറൻസിന് വേദിയാകുന്ന കോഴിക്കോട് സ്വപ്ന നഗരിയിലെ ട്രേഡ് സെൻ്റിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
അന്താരാഷ്ട്ര മീലാദ് കോൺഫറൻസിന് വേദിയാകുന്ന കോഴിക്കോട് സ്വപ്ന നഗരിയിലെ ട്രേഡ് സെൻ്റിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
കോഴിക്കോട്: ഇന്ന് നടക്കുന്ന അന്താരാഷ്ട്ര മീലാദ് കോൺഫറൻസിനെ വരവേൽക്കാനൊരുങ്ങി ചരിത്ര നഗരം. പ്രാസ്ഥാനിക കുടുംബം സംഘടിപ്പിച്ച നിരവധി സമ്മേളനങ്ങൾക്ക് സാക്ഷ്യംവഹിച്ച നാടാണ് കോഴിക്കോട് നഗരം. ഇന്ന് ഒഴുകിയെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാൻ നഗരം സന്നദ്ധമായിക്കഴിഞ്ഞു. നഗരത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും പ്രാസ്ഥാനിക പതാകകൾ കെട്ടിയും കമാനങ്ങൾ വെച്ചും ദിവസങ്ങൾക്ക് മുമ്പ് തന്നെ ജില്ലയിലെ സംഘടനാ കുടുംബം സജീവമാണ്.
2008 മുതലാണ് കോഴിക്കോട്ട് അന്താരാഷ്ട്ര മീലാദ് സമ്മേളനം സംഘടിപ്പിച്ചു തുടങ്ങിയത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ യാത്ര ചെയ്യുന്ന കാന്തപുരം ഉസ്താദിന്റെ അനുഭവ സാക്ഷ്യമാണ് ഇത്തരത്തിലൊരു മീലാദ് കോൺഫറൻസിന് ഉസ്താദിനെ പ്രേരിപ്പിച്ചത്. 2004ൽ പുനുർ മർകസ് ഗാർഡനിൽ മദ്ഹുർറസുൽ പ്രഭാഷണവും മീലാദ് സമ്മേളനവും സംഘടിപ്പിച്ചു. കശ്മീർ മുഖ്യമന്ത്രിയടക്കം സംബന്ധിച്ച വലിയ സമ്മേളനം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ നഅത് സംഘങ്ങളും പണ്ഡിതരുമെല്ലാം സംബന്ധിച്ച വേദി, ഈ പരിപാടിയുടെ വിപുലമായ രീതിയായിരുന്നു 2008ൽ കോഴിക്കോട് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് കോൺഫറൻസ്. ലോകത്ത് നിലനിൽക്കുന്ന വിവിധ മൗലിദ് രീതികൾ കേരളം പരിചയപ്പെട്ടു തുടങ്ങിയത് ഈ സമ്മേളനത്തോടെയായിരുന്നു. മർകസിൻ്റെ ആഗോള ബന്ധങ്ങളുടെ ചാലകമായി പ്രവർത്തിച്ചിരുന്ന മർഹും ഡോ. ഉമർ അബ്ദുല്ല കാമിൽ ആയിരുന്നു പല അന്തർദേശീയ അതിഥികളെയും കേരളത്തിന് പരിചയപ്പെടുത്തി തന്നിരുന്നത്.
വിശ്വാസികളിൽ വലിയ ഹുബ്ബും ആവേശവും നിറക്കാൻ കോഴിക്കോട് കടപ്പുറത്തും സ്വപന നഗരിയിലുമെല്ലാം നടത്തിയിരുന്ന മീലാദ് കോൺഫറൻസുകളിലൂടെ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിലാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം നടന്നത്. ഇപ്പോഴത്തെ ഈജിപ്ഷ്യൻ മതകാര്യ മന്ത്രി ഡോ. ഉസാമ അസ്ഹരി ഉൾപ്പെടെ നിരവധി വിദേശ പണ്ഡിതർ അതിൽ സംബന്ധിച്ചിരുന്നു