കോഴിക്കോട്: ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ നേതൃത്വത്തിൽ നടക്കുന്ന 34-ാ മത് അന്താരാഷ്ട്ര സമ്മേളനത്തിൽ ക്ഷണിതാക്കളായി മർകസ് പ്രതിനിധികൾ. തലസ്ഥാന നഗരമായ കൈറോയിൽ ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മർകസ് കുല്ലിയ്യ ഉസൂലുദ്ദീൻ മേധാവി അബ്ദുല്ല സഖാഫി മലയമ്മ സമ്മേളനത്തിൽ സംസാരിക്കും. വൈസ് റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സന്ദേശം കൈമാറും. ഈജിപ്ഷ്യൻ മതകാര്യവകുപ്പ് മന്ത്രി ഡോ. മുഖ്താർ ജുമുഅയുടെ ക്ഷണപ്രകാരമാണ് ജാമിഅ മർകസ് വക്താക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഈജിപ്ഷ്യൻ സുപ്രീം കൗൺസിൽ ഓഫ് റിലീജിയസ് അഫേഴ്സാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
'സൈബറിടത്തിലെ ഇസ്ലാമിക വ്യവഹാര സാധ്യതകൾ' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഏഴ് സെഷനുകളിലായി 41 വിഷയങ്ങളിൽ പ്രബന്ധാവതരണവും ചർച്ചകളും നടക്കും. നവ മാധ്യമങ്ങളും മത വ്യവഹാര മേഖലകളിലെ അവയുടെ സാധീനവും, ഓൺലൈൻ ഫത്വ, വിദൂര വിദ്യാഭ്യാസവും സൈബർ ലോകവും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഉപകരണങ്ങളുടെ ദുരുപയോഗവും പരിഹാരവും തുടങ്ങിയ തലവാചകങ്ങളിലാണ് സെഷനുകൾ സജ്ജീകരിച്ചിട്ടുള്ളത്. മത രംഗത്ത് ആധുനിക സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുതുന്നതിലും അതിന്റെ അപകട സാധ്യതകൾ ഒഴിവാക്കുന്നതിലും വെല്ലുവിളികളെ അതിജീവിക്കുന്നതിലും ശ്രദ്ധാപൂർവ്വമായ പരിഗണന ആവശ്യമാണെന്ന് ഡോ. മുഖ്താർ ജുമുഅ സമ്മേളന സന്ദേശത്തിൽ പ്രസ്താവിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയെ പൊതുജനം കൂടുതലായി അവലംബിക്കുന്ന കാലത്ത് ഇത്തരം മേഖലകളിൽ മതവിഷയങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക പ്രസക്തമായ വിഷയങ്ങളിൽ ഗൗരവമേറിയ അന്താരാഷ്ട്ര ചർച്ചകൾ സംഘടിപ്പിക്കുന്ന ഈജിപ്ഷ്യൻ മതകാര്യ വകുപ്പിനെയും മന്ത്രി മുഖ്താർ ജുമുഅയെയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അഭിനന്ദിച്ചു. ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കൂടിയായ ഗ്രാൻഡ് മുഫ്തിയുടെ അനുമോദന പത്രവും ഉപഹാരവും പ്രതിനിധികൾ മന്ത്രിക്ക് കൈമാറും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക ചടങ്ങുകളും അനുബന്ധ പരിപാടികളും അരങ്ങേറും.