കോഴിക്കോട്: 'മദീന ചാർട്ടർ: ബഹുസ്വരതയുടെ മഹനീയ മാതൃക' എന്ന പ്രമേയത്തിൽ മർകസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം ഒക്ടോബർ ഒന്ന്, ഞായറാഴ്ച മർകസ് നോളേജ് സിറ്റിയിൽ നടക്കും. വിവിധ രാജ്യങ്ങളിലെ ഗ്രാൻഡ് മുഫ്തിമാരും പണ്ഡിതരും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. മുഹമ്മദ് നബി(സ്വ)യെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ഭൂഖണ്ഡങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. ലോകം കൂടുതൽ ഏകശിലാത്മകതയിലേക്കും സങ്കുചിത മനോഭാവങ്ങളിലേക്കും നീങ്ങുന്ന പശ്ചാത്തലത്തിൽ, മുഹമ്മദ് നബി മുന്നോട്ടുവെച്ച ബഹുസ്വര ദർശനങ്ങളും മധ്യമ നിലപാടുകളും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ദൗത്യം.
ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ ഈജിപ്ഷ്യൻ പണ്ഡിതനുമായ ഡോ. ഉസാമ അൽ അസ്ഹരി, അമേരിക്കയിലെ പ്രമുഖ മുസ്ലിം പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ ശൈഖ് യഹ്യ റോഡസ്, ലെബനാനിലെ പ്രമുഖ പണ്ഡിതനും മുഫ്തിയുമായ ശൈഖ് ഉസാമ അബ്ദുൽ റസാഖ് അൽ രിഫാഈ, ടുണീഷ്യൻ പണ്ഡിതരായ ശൈഖ് മുഹമ്മദ് അൽമദനി, ശൈഖ് അനീസ് മർസൂഖ്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമിന്റെ പ്രത്യേക പ്രധിനിധി സംഘം, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ തുടങ്ങി ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളും സമ്മേളനത്തിൽ മുഖ്യാതിഥികളാവും.
ഒന്നിന് വൈകുന്നേരം നാല് മുതൽ ഒമ്പത് വരെയാണ് സമ്മേളനം. അസർ നിസ്കാരാനന്തരം വിവിധ പ്രകീർത്തന സംഘങ്ങളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര മൗലിദ് സംഗമം നടക്കും. വിവിധ പാരായണ രീതി അനുസരിച്ചുള്ള ഖുർആൻ പാരായണവും ലോക പ്രശസ്തമായതും പാരമ്പരാഗതവുമായ മൗലിദുകളും ചടങ്ങിൽ അവതരിപ്പിക്കും. വിവിധ ഭാഷകളിലെ കാവ്യങ്ങളും അരങ്ങേറും. മഗ്രിബിന് ശേഷം ലോക പ്രശസ്ത പണ്ഡിതരും ഉലമാക്കളും സദസ്സിനെ അഭിമുഖീകരിക്കും. മീലാദ് സമ്മേളനത്തോടനുബന്ധിച്ച് നോളേജ് സിറ്റിയിൽ വളരെ വിപുലമായ ഒരുക്കങ്ങളും ക്രമീകരണങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്.