വിശ്രമിക്കുന്ന ഉപ്പയെ ഞാന്‍ കണ്ടിട്ടില്ല; വൈകാരികമായ കുറിപ്പ് പങ്കുവെച്ച് അബ്ദുല്‍ ഹകീം അസ്ഹരി
സോഷ്യല്‍മീഡിയയിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്....
സോഷ്യല്‍മീഡിയയിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്....
കോഴിക്കോട്: ചികിത്സയില്‍ കഴിയുന്ന കാന്തപുരം ഉസ്താദിനെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. പിതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ വിശ്രമില്ലാത്ത ജീവിതത്തെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍മീഡിയയിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.
ഫേസ്ബുക്കില്‍ പങ്കുവെച്ച് പോസ്റ്റ് വായിക്കാം.
പൂർണമായ കുറിപ്പ്;
വിശ്രമത്തിനു വേണ്ടി മാത്രമായി ഉസ്താദ് എപ്പോഴെങ്കിലും ഒഴിഞ്ഞിരുന്നത് എൻ്റെ ഓർമ്മയിൽ ഇല്ല. ഉറങ്ങുന്ന അൽപ സമയം മാറ്റി നിർത്തിയാൽ, ബാക്കിയുള്ള നേരം മുഴുവൻ ഏതെങ്കിലും തരത്തിലുള്ള അധ്വാനത്തിലായിരിക്കുക എന്നതാണ് ഉസ്താദിൻ്റെ ശൈലി. പഠന കാലത്തും അങ്ങിനെ തന്നെയായിരുന്നു ജീവിതം എന്നാണ് സഹപാഠികളിൽ നിന്നും കേട്ടത്. ദീർഘകാലത്തെ ആ ശൈലിക്ക് ഇടർച്ച സംഭവിച്ച 14 ദിവസങ്ങളാണ് ഉസ്താദിൻ്റെ ജീവിതത്തിൽ കടന്നു പോയത്. കൺമുന്നിൽ എപ്പോഴും ഉസ്താദിനെ കണ്ടുകൊണ്ടിരുന്ന നമ്മുടെ ജീവിതത്തിലും ഈ ഇടർച്ചയുണ്ട്. ദിനേന നേരിട്ടും അല്ലാതെയും തന്നോട് ആവലാതികൾ ബോധിപ്പിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ നാനാവിധ പ്രശ്നങ്ങളിലെ അവസാന തീരുമാനം ഉസ്താദിൻ്റെ അഭിപ്രായങ്ങൾ ആയിരുന്നു. ആ അഭിപ്രായങ്ങളിൽ നാം നമ്മുടെ പ്രയാസങ്ങളെ ഇറക്കി വെച്ചു, പ്രതിസന്ധികളെ അതിജയിച്ചു, ആത്മീയമായ ഉണർവുകൾ നേടി, പ്രാർഥനകളിൽ നിർവൃതി കണ്ടെത്തി. കയ്യെത്തും ദൂരത്തുണ്ടായിരുന്ന ആ തണലും സായൂജ്യങ്ങളുമെല്ലാം താൽക്കാലികമായെങ്കിലും മുറിഞ്ഞുപോയ ദിവസങ്ങളായിരുന്നു നമുക്കീ 14 ദിവസങ്ങൾ. ഉസ്താദിനെ നമ്മൾ ഏറ്റവും സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും കാണുന്ന മാസമാണല്ലോ റബീഉൽ അവ്വൽ എന്നോർക്കുമ്പോൾ ഈ ഇടർച്ചയുടെ ആഴം വർധിക്കുന്ന പോലെ തോന്നുന്നു.
രോഗ വിവരങ്ങൾ തിരക്കി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ വിളിക്കുന്നു, പ്രാർഥനകൾ അറിയിക്കുന്നു. അതിൻ്റെ ആശ്വാസങ്ങൾ ഉസ്താദിൻ്റെ ചികിത്സയിൽ നാം കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാലും പഴയ അധ്വാനങ്ങളിലേക്ക് ചടുലതയോടെ മടങ്ങിയെത്തുമ്പോഴേ നമ്മെ സംബന്ധിച്ചടുത്തോളം ഉസ്താദിൻ്റെ രോഗ മുക്തി പൂർണ്ണമാവുകയുള്ളൂ. അപ്പോഴേ നമുക്ക് സംഭവിച്ച ഇടർച്ചകളും മാറിക്കിട്ടുകയുള്ളൂ. അതുവരെയും അല്ലാഹുവോട് നിരന്തരമായി പ്രാർഥിക്കുക. ഉസ്താദ് ഏറ്റവും പ്രിയം വെച്ച തിരുനബിയോരുടെ മേൽ സ്വലാത്തുകൾ വർദ്ധിപ്പിക്കുക. നമ്മുടെ പ്രതിസന്ധികളിൽ, രോഗങ്ങളിൽ ആശ്വസിപ്പിക്കാൻ ഉസ്താദ് നിർദേശിച്ച ദിക്റുകൾ, ദുആകൾ ഇപ്പോൾ ഉസ്താദിനു വേണ്ടി ചൊല്ലുക. ഉസ്താദിൻ്റെ ആയുരാരോഗ്യത്തിലൂടെ ഈ സമൂഹത്തെ, സമുദായത്തെ അല്ലാഹു ഇനിയും അനുഗ്രഹിക്കട്ടെ. ആമീൻ.