സ്റ്റുഡൻസ് ഐ ഡി കാർഡിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് സ്വന്തം പ്രോഗ്രാം ലിസ്റ്റ്, സബ്ജക്ട്, റിസൾട്ടുകൾ എളുപ്പത്തിൽ അറിയാനുള്ള സംവിധാനവും ഗ്ലോക്കൽ ബോട്ടിൽ സജ്ജീകരിച്ചിരുന്നു. ...
ഫോട്ടോ: ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഗ്ലോക്കൽ റോബോട്ടുമായി സംസാരിക്കുന്നു
Markaz Live News
January 15, 2023
Updated
പൂനൂർ: ജാമിഅ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റീവ്യൂ'23 സാങ്കേതിക രംഗത്തെ നൂതന സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ജാമിഅ മദീനത്തൂന്നൂർ വിദ്യാർത്ഥി അബ്ദുൽ ഫത്താഹിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഗ്ലോക്കൽ ബോട്ടാണ് ഇത്തവണ ജനശ്രദ്ധയാകർഷിച്ചത്. പേർസണൽ ലിസണിങ്, റെസ്പോണ്ടിങ്, സ്കാനിങ്, ഫെയിസ് റെകഗനിഷൻ എന്നിവയാണ് ഗ്ലോക്കൽ ബോട്ടിന്റെ പ്രത്യേകതകൾ. സ്റ്റുഡൻസ് ഐ ഡി കാർഡിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് സ്വന്തം പ്രോഗ്രാം ലിസ്റ്റ്, സബ്ജക്ട്, റിസൾട്ടുകൾ എളുപ്പത്തിൽ അറിയാനുള്ള സംവിധാനവും ഗ്ലോക്കൽ ബോട്ടിൽ സജ്ജീകരിച്ചിരുന്നു. പൂർണ്ണമായും സ്ക്രാപ്പ് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ഈ റോമ്പോട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കോസ്റ്റ് എഫക്ടീവ് സാധ്യതകളിലേക്ക് വഴിതുക്കുന്നതായി.
മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടി സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം തങ്ങളുടെ അധ്യക്ഷതയിൽ തുറമുഖ-ടൂറിസം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കേവലം കലാ സാഹിത്യ മത്സരങ്ങൾക്കപ്പുറം വിദ്യാർത്ഥികൾക്ക് സാംസ്കാരിക മൂല്യങ്ങളും മാനവികതയും സാമൂഹിക പ്രതിബദ്ധതയും പകർന്ന് നൽകുന്ന ജാമിഅ മദീനതുന്നൂർ പ്രവർത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയും ജാമിഅ ഫൗണ്ടറും റെക്ടറുമായ ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹുസൈൻ രണ്ടത്താണി തീം ടോക്കിന് നേതൃത്വം നൽകി. പ്രോ റെക്ടർ ആസഫ് നൂറാനി ക്ളോസിംഗ് നോട്ട് അവതരിപ്പിച്ചു.
'റിമെമ്പറിങ് ടുമോറോ' എന്ന പ്രമേയത്തിൽ പൂനൂർ മർകസ് ഗാർഡനിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ലൈഫ് ഫെസ്റ്റിവലിൽ ഇരുപതിലധികം കാമ്പസുകളിലെ ആയിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരച്ചു. തീമിനനുസൃതമായി ലോകപൈതൃകങ്ങളെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് വേദികളും പോഗ്രാമുകളും ക്രമീകരിച്ചത്. 1988ൽ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്ത മാലി സാമ്രാജ്യത്തിലെ പത്താം ഭരണാധികാരിയായ മാൻസാ മൂസയുടെ പ്രധാന നിർമിതികളിൽപെട്ട വൈജ്ഞാനിക നഗരമായ ടിമ്പുക്തുവിന്റെ ആവിഷ്കരമായിരുന്നു പ്രധാന വേദി. ട്രാൻസ്ലേഷൻ ഡയലോഗ്, ഗ്ലോബൽ ദർസ്, മസ്അല സൊലൂഷൻ, ടെഡ് ടോക്ക്, പാർലമെന്ററി ഡിബേറ്റ്, ഡിജിറ്റൽ ഇല്ലുസ്ട്രേഷൻ, റീൽ ക്രിയേഷൻ, ഫ്ളാഷ് ഫിക്ഷൻ, ടോസ്റ്റ് മാസ്റ്റർ, കൊളോക്കിയം തുടങ്ങി 175 ഓളം മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ചരിത്ര ഓർമ്മകളുടെ പുതിയ ആവിഷ്കാരങ്ങളുമായി കോസ്മോസ് ആർട്ട് എക്സിബിഷനും ഗ്ലോക്കൽ വി ആർ ഗാലറിയും ഇൻഫെസ്റ്റ് ട്രാൻസക്ഷന് വേണ്ടി വികസിപ്പിച്ചെടുത്ത ഗ്ലോക്കൽ ഡിജിറ്റൽ കോയിനും ഫെസ്റ്റിവലിനെ സവിശേഷമാക്കി.
'സംവാദങ്ങളുടെ നൈതികതയും രാഷ്ട്രീയവും' എന്ന വിഷയത്തെ ആസ്പതമാക്കി നടന്ന പാനൽ ഡിസ്കഷനിൽ ഡോ. ഹുസൈൻ അഹ്സനി രണ്ടത്താണി, അബ്ദുള്ള ബുഖാരി കുഴിഞ്ഞളം, ഡോ. നുഐമാൻ, ഇ പി എം സ്വാലിഹ് നൂറാനി എന്നിവർ സംബന്ധിച്ചു. എക്സ്പോട്ട് കോൺവോസ്, സയൻസ് എക്സിബിഷൻ, അൽ ഹദീഖ ബുക്ക് സ്വാപ്, സൂഖു സ്വദീഖ് കഫേ, സാംസ്കാരിക റാലി എന്നിവയും സംഘടിപ്പിക്കപെട്ടിരുന്നു.
ജാമിഅ മദീനതുന്നൂറിന്റെ ഇരുപതിലധികം കാമ്പസുകളടങ്ങുന്ന ഇന്റർ കാമ്പസ് ഫെസ്റ്റിൽ മൈനർ വിഭാഗത്തിൽ ഹസനിയ്യ ഐകരപ്പടിയും പ്രീമിയറിൽ ബൈത്തുൽ ഇസ്സ നരിക്കുനിയും സബ്ജൂനിയറിൽ ഇമാം റബ്ബാനി കാന്തപുരവും ജൂനിയറിൽ മർകസ് ഗാർഡനും സീനിയറിൽ ടാൻസാനിയ ടാസയും ജേതാക്കളായി. അബ്ദുള്ള ആദിൽ മിൻഹാജ്( ഹസനിയ്യ ഐക്കരപ്പടി), മുഹമ്മദ് ഉവൈസ് കെ( ബൈത്തുൽ ഇസ്സ നരിക്കുനി), സിനാൻ(മർകസ് അൽ മുനവ്വറ കൊല്ലം), അബ്ദുൽ ഹഫീസ് വി എം(മർകസ് ഗാർഡൻ പൂനൂർ), അംജദ് ഖാൻ ( മർകസ് ഗാർഡൻ പൂനൂർ) എന്നിവർ യഥാക്രമം വ്യക്തികത ചാമ്പ്യന്മാരായി.
പരിപാടിയിൽ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് ഷിഹാബുദീൻ അഹ്ദൽ മുത്തനൂർ, മർകസ് ഗാർഡൻ സീനിയർ ഫാകൾട്ടികളായ ഹുസൈൻ ഫൈസി കൊടുവള്ളി, അലി അഹ്സനി എടക്കര, മുഹ്യുദ്ധീൻ സഖാഫി തളീകര, മുഹ്യുദ്ധീൻ സഖാഫി കാവനൂർ, മാനേജർ അബൂസ്വാലിഹ് സഖാഫി, എ എ കെ ഗ്രൂപ്പ് ഇന്റർനാഷണൽ സി.ഇ.ഒ മുഹമ്മദ് അലി, പ്രോ റെക്ടർ ആസഫ് നൂറാനി, അയൽക്കൂട്ടം പ്രസിഡന്റ് സി.കെ.അസിസ് ഹാജി സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹംദാൻ ഇബ്രാഹിം സ്വാഗതവും നാദി ദഅവ സ്റ്റുഡന്റ്സ് യൂണിയൻ കൺവീനവർ ഇയാസ് സുലൈമാൻ നന്ദിയും പറഞ്ഞു.