അബ്രഹാമിക് ഫാമിലി ഹൗസ് തുറന്നു; ഇന്ത്യൻ പ്രതിനിധിയായി ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്
മുസ്ലിം, ക്രിസ്ത്യൻ, ജൂത ആരാധനാലയ സമുച്ചയമായ അബ്രഹാമിക് ഫാമിലി ഹൗസ് യു എ ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹിയാൻ ഉദ്ഘാടനം ചെയ്തു....
അബൂദാബിയിൽ നടന്ന അബ്രഹാമിക് ഫാമിലി ഹൗസ് ഉദ്ഘാടനച്ചടങ്ങിൽ മർകസ് പ്രോ-ചാൻസലർ ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട് സംബന്ധിച്ചപ്പോൾ
Markaz Live News
February 18, 2023
Updated
അബുദാബി: സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശം നൽകി മുസ്ലിം, ക്രിസ്ത്യൻ, ജൂത ആരാധനാലയ സമുച്ചയമായ അബ്രഹാമിക് ഫാമിലി ഹൗസ് യു എ ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹിയാൻ ഉദ്ഘാടനം ചെയ്തു. രാജ്യ തലസ്ഥാനമായ അബുദാബി സാദിയാത്ത് ദ്വീപിൽ നിർമിച്ച അബ്രഹാമിക് ഫാമിലി ഹൗസിൽ മാർച്ച് 1മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവുക. ഇമാം അല്‍ ത്വയ്യിബ് മസ്ജിദ്, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, മോസസ് ബിന്‍ മൈമണ്‍ സിനഗോഗ് എന്നീ പേരുകളിലാണ് ആരാധനാലയങ്ങൾ നിർമിച്ചിട്ടുള്ളത്.
വൈവിധ്യങ്ങളുടെ ആഘോഷമെന്ന് ഫാമിലി ഹൗസ് എന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ പറഞ്ഞു. വളരെ സന്തോഷകരമായ സാഹചര്യത്തില്‍ പരസ്പര ബഹുമാനവും ധാരണയും വൈവിധ്യവും പ്രോത്സാഹിപ്പിക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണ്. പുതിയ സാധ്യതകള്‍ സൃഷ്ടിക്കാന്‍ വിവിധ സമൂഹങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ അഭിമാനകരമായ ചരിത്രമാണ് യുഎഇക്കുള്ളത് -ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
2019 ഫെബ്രുവരി 5ന് അബുദാബി കിരീടാവകാശിയായിരുന്ന ശൈഖ് മുഹമ്മദാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. സാംസ്കാരിക കേന്ദ്രം കൂടി ഉള്‍പ്പെടുന്ന ഈ സമുച്ചയത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രാര്‍ത്ഥിക്കാനും പഠിക്കാനും സംഭാഷണത്തില്‍ ഏര്‍പ്പെടാനും സൗകര്യമുണ്ടായിരിക്കും.
ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും സാംസ്കാരിക നേതാക്കളും നയതത്രജ്ഞരും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയായി മർകസ് പ്രോ-ചാൻസിലർ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടന വേദിയിൽ സന്നിഹിതനായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ടോളറൻസ് ഫോറത്തിലും ഹുസൈൻ സഖാഫി പങ്കെടുക്കും.