മർകസ് ദേശീയ വിദ്യാഭ്യാസ പദ്ധതി; ജാർഖണ്ഡിൽ ത്വയ്ബ പബ്ലിക് സ്കൂൾ നാടിന് സമർപ്പിച്ചു
വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങൾക്ക് വിദ്യയുടെ വാതിൽ തുറന്നുനൽകാൻ സ്കൂൾ നിമിത്തമാകും. ...
മർകസ് ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജാർഖണ്ഡിലെ സാംരിയിൽ നിർമിച്ച സ്കൂൾ ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
March 15, 2023
Updated
റാഞ്ചി: മർകസ് ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജാർഖണ്ഡിൽ നിർമിച്ച ത്വയ്ബ പബ്ലിക് സ്കൂൾ ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മർകസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ത്വയ്ബ ഗാർഡനു കീഴിൽ ഗൊഡ്ഡ ജില്ലയിലെ സാംരിയിലാണ് സ്കൂൾ നിർമിച്ചിട്ടുള്ളത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങൾക്ക് വിദ്യയുടെ വാതിൽ തുറന്നുനൽകാൻ ഈ സ്കൂൾ നിമിത്തമാകും. ബഹുഭൂരിഭാഗവും കർഷകർ താമസിക്കുന്ന പ്രദേശമായതിനാൽ തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രദേശത്ത് വിരളമാണ്. സ്മാർട് ക്ലാസ് സൗകര്യത്തോടുകൂടിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ അധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും. അനാഥർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സൗജന്യമായും കുറഞ്ഞ ഫീ നിശ്ചയിച്ചുമാണ് ത്വയ്ബ പബ്ലിക് സ്കൂളിൽ പ്രവേശനം നൽകുന്നത്.
2014 ൽ കേരളത്തിലെ അനാഥാലയങ്ങളിൽ പഠിക്കാനെത്തി മതിയായ രേഖകളില്ലാതെ തിരിച്ചയക്കപ്പെട്ട വിദ്യാർത്ഥികളിൽ ഏറെപേരുടെയും സ്വദേശമാണ് സാംരി. മനുഷ്യക്കടത്തടക്കം ആരോപിക്കപ്പെട്ട പ്രസ്തുത സംഭവം വാർത്തയായതിനെ തുടർന്നാണ് വിദ്യാർത്ഥികളുടെ നാടുകളിൽ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ മർകസ് പദ്ധതികൾ ആവിഷ്കരിച്ചത്. ചെറുപ്രായത്തിൽ തന്നെ ഇഷ്ടിക ചൂളകളിലും മിട്ടായിക്കടകളിലും ജോലി ചെയ്യേണ്ടി വന്നിരുന്ന പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്ന സ്വപ്നം ഏറെ അകലെയായിരുന്നു. സാമ്പത്തിക പ്രതിസന്ധികളാലും കോവിഡ് അനിശ്ചിതത്തെ തുടർന്നും നിർമാണം വൈകിയ സ്കൂൾ തുറന്നതോടെ പ്രദേശത്ത് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും സ്കൂൾ ഉദ്ഘാടനം വലിയ ആഘോഷത്തോടെയാണ് വരവേറ്റത്.
ഇതിനകം ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പഠനം സ്വന്തം നാടുകളിൽ പൂർത്തിയാക്കി ഉന്നത പഠനം കേന്ദ്ര-സംസ്ഥാന സർവകലാശാലകളിലും മർകസ് സ്ഥാപനങ്ങളിലും തുടരുന്ന ചെയ്യുന്ന രീതിയിലാണ് മർകസ് ദേശീയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചിട്ടുള്ളത്. ധാർമിക പഠനവും നൈപുണി പരിശീലനവും അടങ്ങുന്നതാണ് മർകസ് വിദ്യാഭ്യാസ മോഡൽ.
സ്കൂൾ ഉദ്ഘാടന ചടങ്ങിൽ ത്വയ്ബ ഗാർഡൻ ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി അധ്യക്ഷത വഹിച്ചു. ഗൊഡ്ഡ ജില്ലാ കളക്ടർ സീശാൻ ഖമർ മുഖ്യാതിഥിയായി. സബ് കളക്ടർ സൗരവ് കുമാർ ബോനിയ, മഹാഗമാ മുൻ എംഎൽഎ രാജേഷ് രഞ്ജൻ, ജില്ലാ പരിഷത് അർഷാദ് വഹാബ്, ഗ്രാമ മുഖ്യൻ രാംചന്ദർ, അബ്ദുൽ റസാഖ്, വിധ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനരംഗത്ത് വെസ്റ്റ് ബംഗാൾ ത്വയ്ബ ഗാർഡൻ 10 വർഷം പിന്നിടുകയാണ്. വാർഷികാഘോഷങ്ങളുടെ ഭാഗമായി മേഖലയിൽ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെ സമർപ്പണവും നിർമാണോദ്ഘാടനവും വരും മാസങ്ങളിൽ നടക്കും.