കോഴിക്കോട്: മർകസ് നിർമിച്ചുനൽകുന്ന 111 ഭവനങ്ങൾ ഞായറാഴ്ച നടക്കുന്ന ചാരിറ്റി കോൺഫറൻസിൽ സമർപ്പിക്കും. മത സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ കാരന്തൂർ മർകസിൽ വെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഗുണഭോക്താക്കൾക്ക് ഭവനങ്ങൾ കൈമാറും. ഹബീബ് ഉമർ ഹഫീള് ചടങ്ങിൽ സന്നിഹിതനാവും. മദനീയം കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഭവനങ്ങളുടെ നിർമാണം മർകസ് പൂർത്തീകരിച്ചത്.
കോവിഡ് വ്യാപന കാലത്ത് സ്വന്തം വീടുകളിൽ ഒറ്റപ്പെട്ട മനുഷ്യർക്ക് ഊർജമേകുന്നതിനും ഒരുമിപ്പിക്കുന്നതിനും വേണ്ടി അബ്ദുലത്തീഫ് സഖാഫിയുടെ നേതൃത്വത്തിൽ ആരംഭിച്ച വൈജ്ഞാനിക ഓൺലൈൻ കൂട്ടായ്മയാണ് മദനീയം. ഒരു ലക്ഷത്തിലധികം സ്ഥിരം അംഗങ്ങളുള്ള കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭവന പദ്ധതി കൂടാതെ പല ജീവകാരുണ്യ പ്രവർത്തനങ്ങളും നടന്നുവരുന്നു.
മദനീയം കൂട്ടായ്മയുടെ ഒന്നാം വാർഷികത്തിലാണ് സാദാത്ത് ഭവനപദ്ധതി മർകസ് പ്രഖ്യാപിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രത്യേക താത്പര്യവും നിർദേശവുമാണ് ഇത്തരമൊരു പദ്ധതിയുടെ ആരംഭത്തിന് നിമിത്തമാവുന്നത്. കേരള സർക്കാരിന്റെ ലൈഫ് മിഷന്റെയും, കേരള മുസ്ലിം ജമാഅത്തിന്റെയും സുന്നി യുവജന സംഘം സാന്ത്വനത്തിന്റെയും ആഭിമുഖ്യത്തിൽ ഭവന രഹിതർക്കായി നടപ്പിലാക്കിവരുന്ന ദാറുൽ ഖൈർ ഭവന പദ്ധതിയുടെയും ചുവടുപിടിച്ചാണ് അർഹരായ കുടുംബങ്ങൾക്കായി വീടുകളൊരുക്കിയത്. 100 വീടുകൾ നിർമിച്ചു നൽകാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അപേക്ഷകൾ വർധിച്ചതിനെ തുടർന്ന് നിർമിക്കാനുദ്ദേശിച്ച വീടുകളുടെ എണ്ണം 313 ആയി ഉയർത്തി. ഇതിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തീകരിച്ച 111 വീടുകളുടെ കൈമാറ്റമാണ് ഞായറാഴ്ച നടക്കുക.
അഞ്ഞൂറോളം അപേക്ഷകളിൽ നിന്നാണ് അർഹരായ 111 കുടുംബങ്ങളെ കണ്ടെത്തിയത്. അപേക്ഷകരുടെ കുടുംബ, സാമൂഹിക പശ്ചാത്തലത്തെ കുറിച്ച് കൃത്യമായ സർവ്വേ നടത്തിയാണ് അർഹരെ തിരഞ്ഞെടുത്തത്. 10 ലക്ഷം രൂപ ചെലവിൽ 650 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഓരോ വീടിന്റെയും നിർമാണം പൂർത്തീകരിച്ചത്. മദനീയം കൂട്ടായ്മയിലൂടെ നിർമാണത്തിനാവശ്യമായ സാമ്പത്തികം സമാഹരിക്കുകയും സംഘടനാ ഘടകങ്ങളുടെ സഹകരണത്തോടെ മർകസ് പദ്ധതി ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു. പദ്ധതിയുടെ ആദ്യഘട്ട സമർപ്പണത്തിലൂടെ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലുള്ള ഒട്ടനവധി പേരുടെ സ്വന്തം ഭവനമെന്ന സ്വപ്നം നിറവേറും.
ദുരിതബാധിതർ, അഭയാർത്ഥികൾ, അനാഥർ, വിധവകൾ, കിടപ്പുരോഗികൾ, അഗതികൾ തുടങ്ങി സമൂഹത്തിൽ പരിഗണനയർഹിക്കുന്ന രാജ്യമെമ്പാടുമുള്ള 16937 കുടുംബങ്ങൾക്കാണ് കഴിഞ്ഞ 45 വർഷത്തിനിടയിൽ മർകസ് താമസസൗകര്യം ഒരുക്കിയത്. ഇരുനൂറിലധികം കോൺക്രീറ്റ് വീടുകൾ, 75 ഒറ്റമുറിവീടുകൾ, 6000 ടെന്റുകൾ, 3400 അഭയാർത്ഥി പുനരധിവാസ പാർപ്പിടങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 4895 ഭവന പൂർത്തീകരണ സഹായങ്ങൾ, 2350 ദുരിതബാധിത ഭവന സഹായങ്ങൾ ഉൾപ്പെടെയാണ് പാർപ്പിട രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുകൾ മർകസ് നടത്തിയത്. അനാഥ സംരക്ഷണം, ആരോഗ്യ കേന്ദ്രങ്ങളുടെ നിർമാണം, ഭക്ഷ്യ കിറ്റുകൾ, കുടിവെള്ള പദ്ധതി, ശൗചാലയങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഭിന്നശേഷി സഹായം, തൊഴിലുപകരണങ്ങൾ, വിദ്യാഭ്യാസ സഹായം, തൊഴിലവസരങ്ങൾ തുടങ്ങി വിവിധ പദ്ധതികൾ മർകസ് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ രാജ്യത്തെ 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്നുവരുന്നു.
ഞായറാഴ്ച വൈകുന്നേരം നടക്കുന്ന ചാരിറ്റി കോൺഫറൻസ് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, കർണാടക എംഎൽഎ യു ടി ഖാദർ ചടങ്ങിൽ മുഖ്യാതിഥിയാവും. എംകെ രാഘവൻ എംപി, പിടിഎ റഹീം എംഎൽഎ പങ്കെടുക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, എം അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി, ഹസ്റത്ത് മുഹമ്മദ് റസ്വി കാവൽകട്ടെയ്, ഡോ. ഹുസൈൻ സഖാഫി ചുളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സദസ്സിനെ സംബോധന ചെയ്ത് സംസാരിക്കും. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണവും മജീദ് കക്കാട് സ്വാഗത പ്രസംഗവും നടത്തും. ഭവന പദ്ധതിയുടെ ധനസമാഹരണത്തിന് നേത്യത്വം നൽകിയ മദനീയം അബ്ദുലത്തീഫ് സഖാഫിയെ ചടങ്ങിൽ ആദരിക്കും. കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് അശ്റഫ് തങ്ങൾ ആദൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഹസനുൽ അഹ്ദൽ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, മജീദ് കക്കാട് സംബന്ധിക്കും. ചാരിറ്റി കോൺഫറൻസിന് ശേഷം നടക്കുന്ന ആത്മീയ സംഗമത്തിന് പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നൽകും. ഭവന പദ്ധതി ഗുണഭോക്താക്കളും കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് സ്നേഹ ജനങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.
കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം (ചെയർമാൻ, സ്വാഗത സംഘം & വൈസ് പ്രസിഡന്റ്, മർകസ്), സി മുഹമ്മദ് ഫൈസി (ഡയറക്ടർ ജനറൽ, മർകസ്), സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ (വൈസ് ചെയർമാൻ, സ്വാഗതസംഘം), സിപി ഉബൈദുല്ല സഖാഫി (സിഇഒ, മർകസ് സാമൂഹ്യ ക്ഷേമ മിഷൻ), അബ്ദുലത്തീഫ് സഖാഫി മദനീയം പങ്കെടുത്തു.