നാലാമത് മൊറോക്കൻ അന്താരാഷ്ട്ര പണ്ഡിത സമ്മേളനം: ഗ്രാൻഡ് മുഫ്തി പ്രതിനിധികൾ പങ്കെടുത്തു
മൊറോക്കൻ അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിനെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പ്രതിനിധികളെ സ്വീകരിക്കുന്നു.
മൊറോക്കൻ അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിനെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പ്രതിനിധികളെ സ്വീകരിക്കുന്നു.
കോഴിക്കോട്: മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ നേതൃത്വം നൽകുന്ന മുഹമ്മദ് ആറാമൻ ഫൗണ്ടേഷൻ ഓഫ് ആഫ്രിക്കൻ ഉലമയുടെ നേതൃത്വത്തിൽ നടന്ന നാലാമത് അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പ്രതിനിധികൾ. മൊറോക്കോയിലെ ചരിത്രപ്രസിദ്ധ നഗരമായ മറാകിഷിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന സമ്മേളനത്തിൽ 41 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും മുഫ്തിമാരും അക്കാദമിക് വിചക്ഷണരുമാണ് പങ്കെടുത്തത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികളായി ജാമിഅ മർകസ് വൈസ് റെക്ടർ മുഹമ്മദ് റോശൻ നൂറാനി, ഗ്രാൻഡ് മുഫ്തി ഓഫീസ് മാനേജർ സിപി സ്വാദിഖ് നൂറാനി അസ്സഖാഫി സംബന്ധിച്ചു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇസ്ലാമിക ശരീഅത്തും ഫത്വകളും എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ഫത്വകൾക്ക് മതത്തിലുള്ള പ്രാധാന്യത്തെയും പൊതുജനങ്ങളും പണ്ഡിതരും ഫത്വകളെ സമീപിക്കുമ്പോൾ പുലർത്തേണ്ട രീതികളെയും കുറിച്ച് വിശദമായ ചർച്ചകളാണ് നടന്നത്. സമാധാന വിരുദ്ധരും തീവ്രവാദികളും ഫത്വകളെയും ഇസ്ലാമിക കർമശാസ്ത്രത്തെയും വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ ഇസ്ലാമിന്റെ ശരിയായ നിലപാടും മധ്യമ നിലപാടും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ പണ്ഡിതർക്ക് സാധിക്കേണ്ടതുണ്ടെന്ന് മുഹമ്മദ് ആറാമൻ രാജാവ് സമ്മേളന സന്ദേശത്തിൽ പറഞ്ഞു. ഫത്വകളുടെ പവിത്ര ഉൾക്കൊണ്ട് ശരിയായ ഗവേഷണം നടത്തിയും സാംസ്കാരിക വൈവിധ്യങ്ങളെയും ശാസ്ത്ര നിലപാടും വിലയിരുത്തി വേണം ഫത്വകൾ നൽകാനെന്നും പണ്ഡിതന്മാരുടെ കൂട്ടായ്മകൾ ഓരോ വിഷയവും ആഴത്തിൽ ചർച്ചചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യ ഇസ്ലാമിന്റെ തനത് രൂപവും നൂറ്റാണ്ടുകളായി കൈമാറിപ്പോരുന്ന ആത്മീയ സരണികളും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സജീവമാക്കുന്നതിനും രാജ്യങ്ങൾക്കിടയിലും സമുദായങ്ങൾക്കിടയിലും പരസ്പര സഹകരണം നിലനിർത്തുന്നതിനും പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
സമ്മേളന ക്ഷണിതാക്കളായി മൊറോക്കോയിലെത്തിയ ഇന്ത്യൻ അതിഥികൾക്ക് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ. സയ്യിദ് മുഹമ്മദ് രിഫ്ഖിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ഉപഹാരവും സന്ദേശവും ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി. സന്ദർശനത്തിന്റെ ഭാഗമായി മൊറോക്കോയിലെ ചരിത്രപ്രസിദ്ധമായ സർവ്വകലാശാലകളും പൈതൃക കേന്ദ്രങ്ങളും സംഘം സന്ദർശിച്ചു. ഫെസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യ സർവ്വകലാശാലയായ ജാമിഅത്തുൽ ഖറവിയ്യീൻ ചാൻസിലർ, വൈസ് ചാൻസിലർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. ജോർദാൻ, ഫലസ്തീൻ, സെർബിയ, ബൾഗേറിയ, ഘാന ഗ്രാൻഡ് മുഫ്തിമാർക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സന്ദേശം പ്രതിനിധികൾ കൈമാറി.