മലേഷ്യയിലെ പുത്രജയയിൽ നടന്ന ദേശീയ സ്വഹീഹുൽ ബുഖാരി സംഗമത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു. പ്രധാനമന്ത്രി അൻവർ ഇബ്റാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഹിം ബിൻ മുക്താർ, ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് ഡോ. ഉസാമ അൽ അസ്ഹരി സമീപം
Markaz Live News
July 21, 2023
Updated
പുത്രജയ: മലേഷ്യയുടെ ഭരണ സിരാ കേന്ദ്രമായ പുത്രജയയിൽ നടന്ന ദേശീയ സ്വഹീഹുൽ ബുഖാരി പണ്ഡിത മഹാ സംഗമം ഏറെ പ്രൗഢമായി. പ്രധാനമന്ത്രി അൻവർ ഇബ്റാഹിം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മലേഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം പണ്ഡിതർക്കും മത വിദ്യാർത്ഥികൾക്കും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഹദീസ് പാഠങ്ങൾ പകർന്നു നൽകി.
ഇസ്ലാമിലെ അറിവിന്റെ പാരമ്പര്യം വളരെ പവിത്രമാണെന്നും അതിൽനിന്ന് വ്യതിചലിക്കുമ്പോഴാണ് സാമൂഹികദ്രോഹ നടപടികളിലേക്കും തീവ്രവാദ പ്രവർത്തനങ്ങളിലേക്കും മനുഷ്യർ എത്തിപ്പെടുന്നതെന്നും സംഗമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി അൻവർ ഇബ്റാഹീം പറഞ്ഞു. തിരുനബിയുടെ ജീവിതവും സന്ദേശവും വിളംബരം ചെയ്യുന്ന സ്വഹീഹുൽ ബുഖാരി അധ്യാപനത്തിലൂടെ ഇസ്ലാമിന്റെ തനത് മൂല്യങ്ങൾ പുതുതലമുറക്ക് പകരാൻ കാന്തപുരത്തിന് സാധിച്ചിട്ടുണ്ട്. പാരമ്പര്യ ജ്ഞാനവും ആധുനിക വിദ്യാഭ്യാസവും സമ്മേളിക്കുന്ന മർകസും മർകസ് നോളേജ് സിറ്റിയും സമൂഹത്തിൽ നിർവ്വഹിക്കുന്ന ദൗത്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തിൽ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഹിം ബിൻ മുക്താർ, ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് ഡോ. ഉസാമ അൽ അസ്ഹരി, മുഫ്തി ഡോ. ലുഖ്മാൻ ബിൻ ഹാജി അബ്ദുല്ല സംബന്ധിച്ചു. ഇനിമുതൽ എല്ലാ ഹിജ്റ വർഷാരംഭത്തിലും മലേഷ്യയിൽ ദേശീയതല സ്വഹീഹുൽ ബുഖാരി സംഗമം സംഘപ്പിക്കും. അഞ്ചു പതിറ്റാണ്ടിലേറെ കാലം ആയിരക്കണക്കിന് മതപണ്ഡിതർക്ക് സ്വഹീഹുൽ ബുഖാരി അധ്യാപനങ്ങൾ പകർന്നു നൽകിയതിന്റെ അംഗീകാരമായാണ് വാർഷിക സ്വഹീഹുൽ ബുഖാരി ദേശീയ സംഗമത്തിന് നേതൃത്വം നൽകാൻ കാന്തപുരം ക്ഷണിക്കപ്പെട്ടത്.