മർകസും മലേഷ്യയിലെ യയാസാൻ പഹാങ് യൂണിവേഴ്സിറ്റിയും അക്കാദമിക വിനിമയത്തിന് ധാരണ.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ ഉപദേഷ്ടാവായി കാന്തപുരത്തെ തിരഞ്ഞെടുത്തു....
മലേഷ്യയിലെ യയാസാൻ പഹാങ് യൂണിവേഴ്സിറ്റിയുമായുള്ള അക്കാദമിക വിനിമയ ധാരണാപത്രം വൈസ് ചാൻസിലർ ഡോ. അഹ്മദ് ബിൻ സൈനുദ്ദീൻ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് കൈമാറുന്നു. പ്രധാനമന്ത്രി അൻവർ ഇബ്റാഹീം സമീപം.
Markaz Live News
July 26, 2023
Updated
ക്വാലാലംപൂർ: മർകസും മലേഷ്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ യയാസാൻ പഹാങ് യൂണിവേഴ്സിറ്റി കോളേജും(യു.സി.വൈ.പി) തമ്മിൽ അക്കാദമിക സഹകരണത്തിന് ധാരണയായി. സയൻസ് ആൻഡ് ടെക്നോളജി, മാനേജ്മെന്റ്, ഫിലോസഫി, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങി വിവിധ കോഴ്സുകളിൽ ഡിഗ്രി മുതൽ ഗവേഷണ ബിരുദം വരെ നൽകുന്ന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് യയാസാൻ. ആശയ വിനിമയം, പണ്ഡിതരുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൈമാറ്റം, അക്കാദമിക് പരിശീലനങ്ങൾ, കോൺഫറൻസുകൾ, സിമ്പോസിയം, ജനറൽ പബ്ലിക്കേഷൻ തുടങ്ങി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനാണ് ഇരുസ്ഥാപനങ്ങളും ധാരണയായത്.
കൂടാതെ യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ അഡ്ജങ്ട് പ്രൊഫസറായും ഉപദേഷ്ടാവായും തുൻ ഗസാലി ശാഫി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ലീഡർഷിപ്പിന്റെ ഓണററി ഫെല്ലോയായും വൈസ് ചാൻസിലർ ഡോ. അഹ്മദ് ബിൻ സൈനുദ്ദീൻ കാന്തപുരത്തെ തിരഞ്ഞെടുത്തു.
ഇന്ത്യയിലും വിദേശത്തുമുള്ള പതിനഞ്ചോളം പ്രമുഖ സർവ്വകലാശാലകളുമായി മർകസിന് നിലവിൽ അക്കാദമിക ധാരണകളുണ്ട്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ഫൗണ്ടർ ചാൻസിലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പഞ്ചദിന മലേഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് അക്കാദമിക വിനിമയ കരാർ ഒപ്പുവെച്ചത്. മലേഷ്യയിലെ മറ്റു പല പ്രമുഖ സർവ്വകലാശാലകളുമായും ഇൻസ്റ്റിറ്റ്യൂട്ടുകളുമായും വിവിധ സഹകരണ ഉടമ്പടികളിൽ പര്യടനത്തിനിടെ ഒപ്പുവെച്ചിരുന്നു. ഇന്ത്യക്കും മലേഷ്യക്കുമിടയിൽ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഈ അക്കാദമിക സഹകരണങ്ങളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്