സ്വാതന്ത്ര്യം ആസ്വദിക്കാൻ മുഴുവൻ ഇന്ത്യക്കാർക്കും ഒരുപോലെ അവകാശമുണ്ടെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ കാന്തപുരം
...
...
കോഴിക്കോട് | ഒന്നായി നേടിയെടുത്ത സ്വാതന്ത്ര്യം ആസ്വദിക്കാൻ മുഴുവൻ ഇന്ത്യക്കാർക്കും ഒരുപോലെ അവകാശമുണ്ടെന്നും ആ അവകാശം ആരെങ്കിലും ആർക്കെങ്കിലും നിഷേധിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ നന്മക്കും നീതിക്കും പാരമ്പര്യത്തിനും എതിരാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ഇന്നുകാണുന്ന ഇന്ത്യ എന്ന രാജ്യത്തെ നിർമിക്കുന്നതിൽ, ഇന്ത്യയുടെ പാരമ്പര്യവും വൈവിധ്യവും സംരക്ഷിക്കുന്നതിൽ, ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ നമ്മുടെ ദേശീയ ബോധത്തിനും ഭരണഘടനക്കും ചെറുതല്ലാത്ത പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തേക്കാളേറെ വൈവിധ്യങ്ങൾ നിലനിന്നിരുന്ന കാലമായിട്ടുപോലും ഇന്ത്യക്കാർ എന്ന ഒറ്റ പരിഗണനയിൽ ആവേശത്തോടെ പരിശ്രമിച്ചതിന്റെ ഫലമായാണ് വൈദേശിക ശക്തികളിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും ലഭിച്ചത്. ജാതി മത ഭേദമന്യേ ഇന്ത്യക്കാർ ഒറ്റക്കെട്ടായി നേടിയെടുത്ത സ്വാതന്ത്ര്യം എല്ലാ ജനവിഭാഗങ്ങളും തുല്യമായി അനുഭവിക്കണം എന്ന നീതിബോധത്തിൽ നിന്നാണ് നമ്മുടെ രാജ്യം ഒരു സ്വതന്ത്ര മതേതര ജനാധിപത്യ റിപ്പബ്ലിക് ആയി നിലനിൽക്കണമെന്ന് രാഷ്ട്ര നിർമാതാക്കൾ ആഗ്രഹിച്ചത്. അതേ തുടർന്നാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായും കരുത്തുറ്റ ഭരണഘടനയുള്ള ദേശമായും നമ്മുടെ ഇന്ത്യ രൂപപ്പെടുന്നത്.
സ്വാതന്ത്ര്യം ലഭിച്ച് 76 വർഷങ്ങൾ പിന്നിടുമ്പോൾ രാഷ്ട്ര ശിൽപികളും ഭരണഘടനാ നിർമാതാക്കളും സ്വപ്നം കണ്ട, വിഭാവനം ചെയ്ത പൗര സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും വർത്തമാനകാലത്ത് എത്രത്തോളം പ്രാവർത്തികമാണ് എന്നത് എല്ലാവരും ചിന്തിക്കണം. വൈവിധ്യങ്ങൾക്കിടയിലും നമ്മുടെ നാടിനെ ഒരുമിപ്പിച്ചത് ദേശീയ ബോധവും സ്വാതന്ത്ര്യത്തിനുള്ള അതിയായ അഭിലാഷവുമാണ്. നാം നേടിയെടുത്ത സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഹനിക്കപ്പെടുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
ഭരണപരമായി രാജ്യം നേടിയ സ്വാതന്ത്ര്യം സമൂഹത്തിന്റെയും രാജ്യത്തിന്റെയും സമാധാനം തകർക്കുംവിധം ദുരുപയോഗപ്പെടുത്താതിരിക്കാനും ഏവരും ജാഗ്രത പുലർത്തണം. ഭരണഘടനയും നിയമവും അനുവദിക്കുന്ന രൂപത്തിൽ, മറ്റാരുടെയും സ്വസ്ഥത ഹനിക്കാത്ത രീതിയിലാവണം നമ്മുടെ സാമൂഹിക ഇടപെടലുകൾ. അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന വിധത്തിൽ അതിരുവിട്ട പ്രവർത്തനങ്ങൾ ചെയ്യാനുള്ള പ്രേരകമാവരുത് നമ്മുടെയുള്ളിലെ സ്വാതന്ത്ര്യ ബോധ്യം.
ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തിൽ മറ്റേത് രാജ്യത്തിന് മുമ്പിലും ഇന്ത്യയെ ഉയർത്തിക്കൊണ്ടുവരാൻ ഏത് കാലത്തുമുള്ള ഭരണാധികാരികളും ജനങ്ങളും ശ്രമിക്കുകയും പ്രവർത്തിക്കുകയും വേണം. രാജ്യം സ്വാതന്ത്ര്യത്തിന്റെ മറ്റൊരു വാർഷികം കൂടെ ആഘോഷിക്കുമ്പോൾ ഇത്തരം ആശയങ്ങളാണ് ഉയർന്നുവരേണ്ടതെന്നും കാന്തപുരം പറഞ്ഞു. എല്ലാവർക്കും അദ്ദേഹം സ്വാതന്ത്ര്യ ദിനാശംസകളും നേർന്നു.