ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂടികാഴ്ച്ച നടത്തി.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ബംഗളൂരു കാവേരി ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നു.
Markaz Live News
September 12, 2023
Updated
ബംഗളൂരു: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂടികാഴ്ച്ച നടത്തി. ബംഗളൂരു കാവേരി ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ സമകാലിക സാമൂഹ്യ സാഹചര്യങ്ങളും ന്യൂനപക്ഷ വികസനവും ചർച്ചാവിഷയമായി. ന്യൂനപക്ഷങ്ങളുടെ സാമൂഹിക പുരോഗതിക്ക് ആവശ്യമായ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാൻഡ് മുഫ്തി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. എസ് എസ് എഫ് കർണാടക ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിൽ സംബന്ധിക്കുന്നതിനും ദ്വിദിന സന്ദർശനത്തിനുമായി സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി കഴിഞ്ഞ ദിവസമാണ് കാന്തപുരം ബംഗളൂരുവിൽ എത്തിയത്.
ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന സിദ്ധരാമയ്യ സർക്കാരിനെ ഗ്രാൻഡ് മുഫ്തി പ്രശംസിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശവും മതസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിൽ സർക്കാർ മുൻപന്തിയിൽ ഉണ്ടാവണം. രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമന മോഹങ്ങളെ തകർക്കുന്ന ഹിജാബ് നിരോധനം ഭരണഘടനാ സ്വാതന്ത്ര്യങ്ങളുടെ ലംഘനമാണ്. നിലവിലുള്ള സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുമ്പ് തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ ഹിജാബ് നിരോധനം എടുത്തു മാറ്റുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. നിരോധനം എടുത്തുമാറ്റി എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാവണന്നും കാന്തപുരം അഭ്യർഥിച്ചു.
വികസന പദ്ധതികൾ നടപ്പിൽ വരുത്തുമ്പോൾ സാധാരണക്കാരെയും അവശതയനുഭവിക്കുന്നവരെയും പരിഗണിക്കണം. എല്ലാവരെയും ഉൾകൊള്ളുന്ന വികസനമാണ് കാലം ആവശ്യപ്പെടുന്നത്. വിവിധ മത സമൂഹങ്ങൾക്കിടയിൽ സമാധാനവും സഹവർത്തിത്വവും നിലനിർത്തുന്നതിന് ആവശ്യമായ ഇടപടലുകൾ ഉണ്ടാകണം. വർഗീയ സംഘർഷങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു സമാധാനം ഉറപ്പുവരുത്തണം.
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ സംവരണം നൽകണമെന്നും കാന്തപുരം അഭ്യർഥിച്ചു. മുസ്ലിം വിഭാഗത്തിന് നൽകിയിരുന്ന നാല് ശതമാനം സംവരണം നിർത്തലാക്കിയ മുൻ സർക്കാറിന്റെ ഉത്തരവ് റദ്ദു ചെയ്യണം. സംവരണത്തിൽ നിന്ന് മുസ്ലിംകളടക്കമുള്ളവരെ തടയുന്നത് അവരുടെ ക്ഷേമത്തിലും സാമൂഹികാവസ്ഥയിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഭരണഘടന ഉറപ്പു വരുത്തുന്ന അവകാശങ്ങൾ എല്ലാവർക്കും ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി മുഖ്യമന്ത്രി യുടെ ശ്രദ്ധയിൽപെടുത്തി. മർകസ് നോളേജ് സിറ്റിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയിൽ ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി സമീർ അഹ്മദ് ഖാൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹ്മദ്, വഖഫ് ബോർഡ് ചെയർമാൻ അൻവർ പാഷ, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ബിഎം മുംതാസ് അലി, ശാഫി സഅദി, സുഫിയാൻ സഖാഫി സംബന്ധിച്ചു.