ഈജിപ്ത് ഔഖാഫും ജാമിഅ മർകസും അക്കാദമിക സഹകരണം വിപുലപ്പെടുത്താൻ ധാരണ
ഈജിപ്ത് മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഖ്താർ ജുമുഅക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ഗ്രന്ഥം കൈമാറുന്നു
ഈജിപ്ത് മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഖ്താർ ജുമുഅക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ഗ്രന്ഥം കൈമാറുന്നു
കോഴിക്കോട്: ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ നേതൃത്വത്തിൽ നടന്ന 34-ാ മത് അന്താരാഷ്ട്ര സമ്മേളനത്തിൽ ക്ഷണിതാക്കളായി സംബന്ധിച്ച മർകസ് പ്രതിനിധികൾ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഖ്താർ ജുമുഅയുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് ഔഖാഫും ജാമിഅ മർകസും നിലവിലുള്ള അക്കാദമിക സഹകരണം വിപുലപ്പെടുത്താൻ സംഗമത്തിൽ ധാരണയായി. തലസ്ഥാന നഗരമായ കൈറോയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന സമ്മേളനാനന്തരമാണ് പ്രോഗ്രാം ചെയർമാൻ കൂടിയായ മന്ത്രിയുമായി സംഘം പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ഈജിപ്ത് സർക്കാരുകൾ തമ്മിൽ അടുത്തിടെ നടന്ന ഉഭയകക്ഷി ചർച്ചകൾ പൗരാണിക വിജ്ഞാന കേന്ദ്രങ്ങളായ ഇരു രാജ്യങ്ങൾക്കുമിടയിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഈജിപ്ത് യാത്രയും ഈജിപ്ത് പ്രസിഡന്റിന്റെയും ഗ്രാൻഡ് മുഫ്തിയുടെയും ഇന്ത്യാ സന്ദർശനവും രാജ്യങ്ങൾക്കിടയിലെ ബന്ധം മെച്ചപ്പെടുത്തിയിരുന്നു.
'സൈബറിടവും ആധുനിക മതവ്യവഹാരങ്ങളും' എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ഡോ. മുഖ്താർ ജുമുഅ ജാമിഅ മർകസിനെയും ഫൗണ്ടർ ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെയും പ്രത്യേകം അഭിനന്ദിച്ചിരുന്നു. മത വിജ്ഞാന പ്രസരണത്തിൽ ഈജിപ്ത് ഔഖാഫുമായി സഹകരിച്ച് മർകസ് ആവിഷ്കരിച്ച ഓൺലൈൻ ലേർണിങ് പ്രോഗ്രാം പരാമർശിച്ചായിരുന്നു അഭിനന്ദനം. 200 മില്യൺ മുസ്ലിംകൾ അധിവസിക്കുന്ന ഇന്ത്യയിൽ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്മദ് നടത്തുന്ന വിദ്യാഭ്യാസ-സാമൂഹ്യ സേവനങ്ങൾ മഹനീയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിക്കാൻ മുൻകൈ എടുത്തതിലൂടെ അറിവിന്റെ ദീർഘകാല വ്യാപനത്തിനാണ് കാന്തപുരം ഉസ്താദ് തുടക്കമിട്ടത്. ഓൺലൈൻ ലേർണിങ് പ്രോഗ്രാം വിശാലമായി തുടരുമെന്നും ജാമിഅ മർകസുമായി ചേർന്ന് സൈബർ സംവിധാനങ്ങളിലൂടെ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും- മന്ത്രി പറഞ്ഞു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സന്ദേശവും ഉപഹാരവും മന്ത്രിക്ക് കൈമാറി.
മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യം പരാമർശിക്കുന്ന സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് രചിച്ച 'ഇള്ഹാറുൽ ഫർഹി വ സുറൂർ' അറബി ഗ്രന്ധത്തിന്റെ പരിഷ്കരിച്ച പതിപ്പ് മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. 60 രാജ്യങ്ങളിൽ നിന്ന് 200 അതിഥികൾ പങ്കെടുത്ത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മർകസ് വൈസ് റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനി, കുല്ലിയ്യ ഉസൂലുദ്ദീൻ മേധാവി അബ്ദുല്ല സഖാഫി മലയമ്മ എന്നിവരാണ് സംബന്ധിച്ചത്. ഈജിപ്ഷ്യൻ സുപ്രീം കൗൺസിൽ ഓഫ് റിലീജിയസ് അഫേഴ്സ് സംഘടിപ്പിച്ച സമ്മേളനത്തിൽ സൈബർ സംവിധാനങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും ഫലപ്രദമായി ഉപയോഗിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകളും പ്രബന്ധാവതരണങ്ങളും നടന്നു. ക്ഷണിതാക്കളായെത്തിയ അമേരിക്ക, ഇറ്റലി, സുഡാൻ, നൈജീരിയ, സൗദി അറേബ്യ, യു.എ ഇ, റഷ്യ, ബൾഗേറിയ, കെനിയ, മൊറോക്കോ, ബ്രസീൽ, ചെച്നിയ പ്രതിനിധികളുമായി മർകസ് സംഘം കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സന്ദേശം കൈമാറുകയും ചെയ്തു.