ഹെല്ലെൻ കെല്ലർ അവാർഡ് ജേതാവ് ഉമറുൽ ഫാറൂഖിന് മർകസിന്റെ ആദരവ്
2023ലെ ഹെലൻ കെല്ലർ അവാർഡ് കരസ്ഥമാക്കിയ മർകസ് പൂർവ്വ വിദ്യാർഥി കെ കെ ഉമറുൽ ഫാറൂഖിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉപഹാരം നൽകുന്നു.
2023ലെ ഹെലൻ കെല്ലർ അവാർഡ് കരസ്ഥമാക്കിയ മർകസ് പൂർവ്വ വിദ്യാർഥി കെ കെ ഉമറുൽ ഫാറൂഖിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉപഹാരം നൽകുന്നു.
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവർക്കുള്ള 2023 ലെ ഹെലൻകെല്ലർ അവാർഡ് കരസ്ഥമാക്കിയ മർകസ് പൂർവ്വ വിദ്യാർഥി കെ കെ ഉമറുൽ ഫാറൂഖിനെ മർകസ് ആദരിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉപഹാരം നൽകി. ഭിന്നശേഷിക്കാർക്ക് തൊഴിലവസരം ഒരുക്കുകയും സ്വയം തൊഴിലിന് സജ്ജമാക്കുകയും ചെയ്യുന്നവരെയാണ് ഓരോ വർഷവും ഹെലൻകെല്ലർ അവാർഡിനായി തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഭിന്നശേഷി സംഘടനയായ എൻ.സി.പി.ഇ.ഡിയും ആഗോള സാങ്കേതിക സ്ഥാപനമായ എൽ.ടി.ഐ മൈൻഡ് ട്രീ യും സംയുക്തമായി നൽകുന്ന അവാർഡിൽ 'ഭിന്നശേഷിക്കാരിലെ മാതൃകാ വ്യക്തിക്ക്' നൽകുന്ന പുരസ്കാരമാണ് ഉമറുൽ ഫാറൂഖിനെ തേടിയെത്തിയത്.
ഭിന്നശേഷി രംഗത്ത് ഫാറൂഖ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അർഹിച്ച അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയതെന്നും ഗ്രാൻഡ് മുഫ്തി അഭിപ്രായപ്പെട്ടു. മർകസ് പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ ഫാറൂഖിന്റെ ഈ നേട്ടം അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മർകസ് ബോർഡിങ്ങിൽ താമസിച്ച് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ഫാറൂഖ് വിവിധ മേഖലളിൽ മികവ് തെളിയിച്ചിട്ടുണ്ട്. കാന്തപുരം ഉസ്താദിന്റെ സാമൂഹിക സേവനവും പ്രവർത്തനങ്ങളുമാണ് ഭിന്നശേഷി രംഗത്ത് സജീവമാവാൻ പ്രചോദനമായതെന്നും ഈ നേട്ടത്തിൽ ഉസ്താദിനും മർകസിനും ഉള്ള പങ്ക് വലുതാണെന്നും ഉമറുൽ ഫാറൂഖ് പറഞ്ഞു.
ലക്ഷദ്വീപിൽ ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി ലക്ഷദ്വീപ് ഡിസേബിൾഡ് വെൽഫെയർ അസോസിയേഷൻ രൂപീകരിക്കുകയും വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്തതിൽ ഉമറുൽ ഫാറൂഖ് നേതൃപരമായ പങ്കു വഹിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ആന്ത്രോത്ത് ദ്വീപ് കേന്ദ്രീകരിച്ച് ചക്കര എന്ന സ്ഥാപനവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഡിസംബർ ഒമ്പതിന് ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഫാറൂഖ് അവാർഡ് സ്വീകരിച്ചത്.
അനുമോദന ചടങ്ങിൽ മർകസ് അഡീഷണൽ ഡയറക്ടർ അഡ്വ. മുഹമ്മദ് ശരീഫ്, ജോയിന്റ് ഡയറക്ടർമാരായ കെകെ അബൂബക്കർ ഹാജി, ശമീം കെ കെ, ഡയറക്ടർ ഇൻ ചാർജ് അക്ബർ ബാദുഷ സഖാഫി, ഹനീഫ് അസ്ഹരി, അലുംനി അസിസ്റ്റന്റ് ഡയറക്ടർ സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ സംബന്ധിച്ചു.