മർകസ് ഖുർആൻ സമ്മേളനം നാളെ
161 ഹാഫിളുകൾ സനദ് സ്വീകരിക്കും ...
161 ഹാഫിളുകൾ സനദ് സ്വീകരിക്കും ...
കോഴിക്കോട്: വിശുദ്ധ ഖുർആൻ പ്രമേയമായി സംഘടിപ്പിക്കപെടുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഖുർആൻ ആത്മീയ സമ്മേളനം നാളെ (04-04-24 വ്യാഴം) മർകസിൽ നടക്കും. വിശ്വാസികൾ ഏറെ പവിത്രമായി കാണുന്ന റമളാനിലെ അവസാനത്തെ വെള്ളിയാഴ്ച രാവും ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവും ഒന്നിക്കുന്ന സവിശേഷ മുഹൂർത്തത്തിലെ സമ്മേളനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആയിരങ്ങൾ സംബന്ധിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഖുർആൻ പ്രഭാഷണവും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്കുള്ള സനദ് ദാനവുമാണ് സമ്മേളനത്തിന്റെ മുഖ്യ ആകർഷണീയത.
വ്യാഴം ഉച്ചക്ക് ഒരു മണി മുതൽ വെള്ളി പുലർച്ചെ ഒരു മണി വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന് പ്രശസ്ത പണ്ഡിതരും സാദാത്തുക്കളുമാണ് നേതൃത്വം നൽകുക. വ്യാഴാഴ്ച ഉച്ചക്ക് ളുഹ്ർ നിസ്കാരാനന്തരം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി സമ്മേളനാനുബന്ധ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിക്കും. റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും. മൗലിദ് സയ്യിദുൽ വുജൂദ് പ്രകീർത്തനം തുടർന്ന് നടക്കും. വൈകുന്നേരം നടക്കുന്ന ഖത്മുൽ ഖുർആൻ പ്രാർഥനാ സദസ്സിൽ വിടപറഞ്ഞ മർകസ് സഹകാരികളെയും അധ്യാപരെയും പ്രവർത്തകരെയും അനുസ്മരിക്കും. ശേഷം മഹ്ളറത്തുൽ ബദ്രിയ്യ, വിർദു ലത്വീഫ്, അസ്മാഉൽ ഹുസ്ന ആത്മീയ സംഗമങ്ങൾ നടക്കും.
സമ്മേളനത്തിൽ സംബന്ധിക്കാനെത്തിയവർക്ക് മർകസ് കൺവെൻഷൻ സെന്ററിൽ ഗ്രാൻഡ് കമ്മ്യൂണിറ്റി ഇഫ്താർ ഒരുക്കും. വിദ്യാർഥികൾക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി രാജ്യത്തുടനീളമുള്ള മർകസ് സ്ഥാപനങ്ങളിലും മസ്ജിദുകളിലും പൊതുഗതാഗത കേന്ദ്രങ്ങളിലും കഴിഞ്ഞ 23 ദിവസമായി നടന്നുവരുന്ന ഇഫ്താർ സംഗമങ്ങളുടെ സന്ദേശം വിളംബരം ചെയ്ത് വിപുലമായ രൂപത്തിലാണ് കമ്യൂണിറ്റി ഇഫ്താർ സംഘടിപ്പിക്കുന്നത്. ഇഫ്താറിന് ശേഷം അവ്വാബീൻ, തസ്ബീഹ്, തറാവീഹ്, വിത്ർ നിസ്കാരങ്ങൾ മസ്ജിദുൽ ഹാമിലിയിൽ നടക്കും.
രാത്രി പത്തിന് കൺവെൻഷൻ സെന്ററിൽ ഹിഫ്ള് സനദ് ദാനവും ഖുർആൻ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകളും ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. മർകസ് ഖുർആൻ അക്കാദമിയിൽ നിന്ന് കഴിഞ്ഞവർഷം ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കിയ 161 ഹാഫിളുകൾക്ക് സനദ് നൽകും. ഹിഫ്ള് വാർഷിക പരീക്ഷയിലെ റാങ്ക് ജേതാക്കളെ ആദരിക്കും. ഖുർആൻ പഠന രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച വ്യക്തികൾക്ക് ചടങ്ങിൽ പ്രത്യേക പുരസ്കാരവും സമ്മാനിക്കും. ശേഷം ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഖുർആൻ പ്രഭാഷണം നടക്കും. സമാപന പ്രാർഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കരുവൻതുരുത്തി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ശാഫി സഖാഫി മുണ്ടമ്പ്ര, അബൂബക്കർ സഖാഫി വെണ്ണക്കോട്, സയ്യിദ് ജസീൽ കാമിൽ സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, പി മുഹമ്മദ് യൂസുഫ്, മജീദ് കക്കാട്, എൻ അലി അബ്ദുല്ല വിവിധ സെഷനുകളിൽ സംബന്ധിക്കും. ളിയാഫത്തുൽ ഖുർആൻ, ഹാഫിള് സംഗമം, ദസ്തർ ബന്ദി തുടങ്ങി വിവിധ ആത്മീയ പ്രാർഥനാ സദസ്സുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.