ലിറ്റില്‍ കൈറ്റ്സ് 2023: പുരസ്കാരം ഏറ്റുവാങ്ങി മർകസ് സ്കൂളുകൾ
Markaz Live News
July 09, 2024
Updated
കോഴിക്കോട്: ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ പ്രവർത്തന മികവിൽ ജില്ലാതലത്തിൽ ഒന്നാമതെത്തിയതിന്റെ പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി കോഴിക്കോട്, എറണാകുളം ജില്ലയിലെ മർകസ് സ്കൂളുകൾ. കോഴിക്കോട് ജില്ലയിൽ ആദ്യ സ്ഥാനം നേടിയ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹൈസ്കൂളും എറണാകുളം ജില്ലയിൽ ഒന്നാമതെത്തിയ ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹൈസ്കൂളും അവാർഡുകൾ സ്വീകരിച്ചു. നിയമസഭ ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
വിവര സാങ്കേതിക വിദ്യയിൽ വിദ്യാർഥികളുടെ താത്പര്യം വികസിപ്പിക്കുന്നതിനും ഉപയോഗം കാര്യക്ഷമമാക്കുന്നതിനും സ്കൂൾ തലത്തിൽ രുപീകരിച്ച ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്, സ്കൂള്‍ വിക്കി അപ്ഡേഷന്, ക്യാംപുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്.
മർകസ് മാനേജ്മെന്റിന് കീഴിലുള്ള കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹൈസ്കൂൾ 2018-19 വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള സംസ്ഥാനതല പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. പുരസ്കാര ജേതാക്കളെ മർകസ് മാനേജ്മെന്റ് അഭിനന്ദിച്ചു. സാധാരണക്കാർ പഠിക്കുന്ന, മലയോര മേഖലയിൽ പ്രവർത്തിക്കുന്ന ഫാത്തിമാബിയും തീരദേശ പ്രദേശത്ത് സ്ഥിതിചെയ്യുന്ന അൽ ഫാറൂഖിയ്യയും ആയിരക്കണക്കിന് സ്കൂളുകൾക്കിടയിൽ നേട്ടം കരസ്ഥമാക്കിയത് വലിയ പ്രശംസ അർഹിക്കുന്നുവെന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും പരിശ്രമം വിലമതിക്കാനാവാത്തതാന്നെന്നും മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.