വയനാടിനെ ചേർത്തുപിടിച്ച് മർകസിലെ സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വയനാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മർകസിൽ തയ്യാറാക്കിയ അക്ഷര മാതൃക.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വയനാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മർകസിൽ തയ്യാറാക്കിയ അക്ഷര മാതൃക.
കോഴിക്കോട്: ദുരന്തഭൂമിയായ വയനാടിനെ ചേർത്തുപിടിക്കുന്ന സുന്ദര നിമിഷങ്ങളായിരുന്നു 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മർകസിൽ ആഘോഷ പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള രണ്ടായിരത്തോളം വിദ്യാർഥികൾ അണിനിരന്ന ചടങ്ങിൽ ഭാഷ,വേഷ,സംസ്കാരങ്ങൾക്കതീതമായി മുഴുവൻ പേരും ഒന്നിച്ചുപറഞ്ഞത് 'ഞങ്ങൾ വായനാടിനൊപ്പം' എന്നായിരുന്നു. മർകസ് സാരഥിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സ്വാതന്ത്ര്യദിന സന്ദേശത്തിലും അദ്ദേഹം വയനാടിലെ ദുരിതബാധിതരെയും രക്ഷാപ്രവർത്തകരെയും പ്രത്യേകം ഓർത്തു. ദുരന്തമുഖത്തെ മനുഷ്യരുടെ ഐക്യവും സഹകരണവും കൂട്ടായ്മയും ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നും എന്തിനെയും അതിജയിക്കാമെന്നുമുള്ള സന്ദേശമാണ് നൽകുന്നത് എന്നാണ് കാന്തപുരം ഉസ്താദ് പറഞ്ഞത്. എല്ലാ വർഷവും വലിയ ആഘോഷ പരിപാടികൾ നടക്കാറുള്ള മർകസിൽ ഇത്തവണ ചെലവും പൊലിമയും കുറച്ച് ആകർഷകമായ രീതിയിൽ ചടങ്ങ് നടത്തിയതും വയനാടിനെ ഓർത്തുകൊണ്ടാണ്.
'ഐ ലൗ ഇന്ത്യ, സേവ് വയനാട്' എന്ന അക്ഷര മാതൃകകൾ ആഘോഷച്ചടങ്ങിൽ മുഴുസമയവും പ്രദർശിപ്പിച്ചിരുന്നു. വയനാടിന്റെ പുനർനിർമാണത്തിനായി കാസർകോഡ് വെള്ളച്ചാലിലെ എസ്. വൈ. എസ് കൻസുൽ ഉലമ സാന്ത്വനം സെന്ററും കേരള മുസ്ലിം ജമാഅത്തും സ്വരൂപിച്ച 350,000(മൂന്നര ലക്ഷം) രൂപ ചടങ്ങിൽ ഗ്രാൻഡ് മുഫ്തിക്ക് കൈമാറിയതും സ്വാതന്ത്ര്യദിന ചടങ്ങിനെ ഐക്യദാർഢ്യ സദസ്സാക്കി മാറ്റി. നേരത്തെ വയനാട് പുനർനിർമാണ പദ്ധതിയിൽ സർക്കാരിനൊപ്പം സഹകരിച്ചു പ്രവർത്തിക്കുമെന്ന് കാന്തപുരം ഉസ്താദ് പറഞ്ഞിരുന്നു. ഉരുൾപൊട്ടലും മഴക്കെടുതിയും മൂലം ദുരിതം അനുഭവിച്ച ജനതക്കായി ആവശ്യവസ്തുക്കളടക്കം വിവിധ റിലീഫ് സേവനങ്ങളും ഇക്കഴിഞ്ഞ വാരങ്ങളിൽ മർകസ് ലഭ്യമാക്കിയിരുന്നു. സമൂഹത്തിലെ പരിഗണനയർഹിക്കുന്നവർക്കൊപ്പം എപ്പോഴും മർകസ് ഉണ്ടെന്ന് വിളംബരം ചെയ്യുന്ന ഈ കാഴ്ച അത്യധികം മാതൃകാപരവും കൺകുളിർമയേകുന്നതുമാണ്.