തിരിച്ചറിവ് വ്യക്തി ശുദ്ധീകരണത്തിന് അനിവാര്യം: ശൈഖ് യഹിയ റോഡസ്
സുഹ്ബ ആത്മീയ സഹവാസ ക്യാമ്പിന് ജാമിഉല്‍ ഫുതൂഹില്‍ തുടക്കമായി...
മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹില്‍ നടക്കുന്ന 'സുഹ്ബ' ആത്മീയ സഹവാസ ക്യാമ്പില്‍ അമേരിക്കന്‍ പണ്ഡിതന് ശൈഖ് യഹിയ റോഡസ് സംസാരിക്കുന്നു.
Markaz Live News
December 31, 2024
Updated
നോളജ് സിറ്റി: തിരിച്ചറിവ് വ്യക്തി ശുദ്ധീകരണത്തിന് അനിവാര്യമാണെന്നും അല്ലാഹുവിന്റെ മാര്‍ഗത്തിലെ സമ്പൂര്‍ണ സമര്‍പ്പണം ശാശ്വത സമാധാനം നല്‍കുമെന്നും വിശ്വപ്രസിദ്ധ അമേരിക്കന്‍ പണ്ഡിതന് ശൈഖ് യഹിയ റോഡസ് പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന സുഹ്ബ ആത്മീയ സഹവാസ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവാണ് ഏറ്റവും മൂല്യമേറിയ സമ്പത്തെന്നും അത് മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടും വിധത്തില്‍ ഉപയോഗിച്ച് സത്പ്രവര്ത്തനങ്ങളിലേര്പ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയാണ് ക്യാമ്പ് അമീര്‍.
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ, ഡോ. റജബ് ഷെന്‍തുര്‍ഖ് തുര്‍കിയ, ഡോ. അഫീഫ് അല്‍ അകിതി യു കെ, അലി ബാഖവി ആറ്റുപുറം തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. സി മുഹമ്മദ് ഫൈസി, സയ്യിദ് ഹാശിം ജീലാനി തുടങ്ങിയവര്‍ സംസാരിക്കും. ക്ലാസ്സുകള്‍, പഠനവേദികള്‍, പാരായണങ്ങള്‍, ഇജാസത്ത് കൈമാറ്റം, പ്രകീര്‍ത്തന ആലാപനങ്ങള്‍ തുടങ്ങിയവയാണ് ക്യാമ്പില്‍ നടക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച ക്യാമ്പ് ഇന്ന് രാത്രിയോടെ സമാപിക്കും.
യു കെ, ഈജിപ്ത്, അമേരിക്ക, തുര്‍ക്കി, ജോര്‍ദാന്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആത്മീയ വ്യക്തിത്വങ്ങളും പ്രൊഫഷനലുകളും മറ്റും ക്യാമ്പില്‍ സംബന്ധിക്കുന്നുണ്ട്. ഇംഗ്ലീഷ്- അറബി ഭാഷകളിലായാണ് സെഷനുകള്‍ നടക്കുന്നത്. വിശ്വാസവും കര്‍മവും ശരിപ്പെടുത്താനുള്ള അപൂര്‍വ അവസരമായ സഹവാസ ക്യാമ്പ് വിവിധ ആരാധനകളും കര്‍മങ്ങളും പരിശീലിച്ചെടുക്കുക കൂടിയാണ്.