മർകസ് തകാഫുൽ ക്യാമ്പയിൻ പ്രഖ്യാപനം സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് നിർവഹിക്കുന്നു.
Markaz Live News
January 01, 2025
Updated
കോഴിക്കോട്: മർകസിലെ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠനം നടത്തുന്ന അനാഥരും അഗതികളും ഖുർആൻ-ശരീഅ പഠിതാക്കളും ഉൾപ്പെടയുള്ള വിദ്യാർഥികളുടെ പഠന ചെലവുകളിൽ പങ്കുചേരുന്ന സ്പോൺസർഷിപ്പ് സ്കീം 'തകാഫുൽ' പദ്ധതിയുടെ വാർഷിക ക്യാമ്പയിന് തുടക്കമായി. തലമുറക്കൊരു തണൽ എന്ന പ്രമേയത്തിൽ ഈ മാസം ഒന്നു മുതൽ 31 വരെ നടക്കുന്ന ക്യാമ്പയിൻ മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് പ്രഖ്യാപിച്ചു.
മതവിദ്യാഭ്യാസത്തോടൊപ്പം പ്രാഥമിക തലം മുതൽ ഉന്നത ബിരുദം വരെ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാനും കുടുംബങ്ങളുടെ സാമൂഹ്യസുരക്ഷാ ഉറപ്പുവരുത്താനും വിവിധ സ്കീമുകളാണ് തകാഫുൽ പദ്ധതിക്ക് കീഴിലുള്ളത്. വിദ്യാർഥിയുടെ ഭക്ഷണ ചെലവുകൾ ഏറ്റെടുക്കുന്ന സ്റ്റാൻഡേർഡ്, പഠന-താമസ-ഭക്ഷണ ചെലവുകൾ വഹിച്ച് സമ്പൂർണമായി സ്പോൺസർ ചെയ്യുന്ന സ്മാർട്, പ്രൊഫഷണൽ പഠനങ്ങളിൽ ശോഭിക്കുന്ന വിദ്യാർഥികൾക്ക് കരുത്തുപകരുന്ന പ്രീമിയം സ്കീമുകളാണ് നിലവിൽ തകാഫുൽ പദ്ധതിയിലുള്ളത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേരാണ് ഓരോ വർഷവും തകാഫുൽ അംഗമായി മർകസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നത്.
ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഗൃഹസന്ദർശനം, മെട്രോ സിറ്റി പര്യടനം, കുടുംബ സംഗമം, ക്യാമ്പസ് സഞ്ചാരം തുടങ്ങിയ വിവിധ പദ്ധതികൾ നടക്കും. ക്യാമ്പയിൻ കാലത്ത് പ്രമുഖർ പദ്ധതിയുടെ ഭാഗമാവുന്നതിന് തുടക്കം കുറിച്ച് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി തകാഫുൽ അംഗമായി. എസ് വൈ എസ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സഖാഫി ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുലത്വീഫ് സഖാഫി മദനീയം പദ്ധതിയുടെ ഭാഗമായി. പ്രഖ്യാപന ചടങ്ങിൽ മർകസ് പി ആർ ഡി ജോയിന്റ് ഡയറക്ടർ ദുൽകിഫിൽ സഖാഫി, സയ്യിദ് നസീബ് സഖാഫി, വി പി മുഹമ്മദ് സഖാഫി വില്യാപ്പള്ളി, കോയ സഖാഫി മലയമ്മ, ഹുസൈൻ സഖാഫി മടവൂർ സംബന്ധിച്ചു.