സേവനം മാനവ നന്മക്കായി ഉപയോഗപ്പെടുത്തിയ മാർപാപ്പ: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
Markaz Live News
April 22, 2025
Updated
കോഴിക്കോട്: സേവനകാലം മാനവ നന്മക്കായി ഉപയോഗപ്പെടുത്തിയ നേതാവായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. അഭയാർഥികൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള ഇടപെടലുകൾ, മതസൗഹാർദ്ദത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ, യുദ്ധങ്ങൾക്കെതിരായ നിലപാടുകൾ ഉൾപ്പെടെ അദ്ദേഹം നടത്തിയ മാനുഷികവും സാമൂഹികവുമായ അനേകം ശ്രദ്ധേയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും എക്കാലവും അവ ഓർക്കപ്പെടുമെന്നും കാന്തപുരം പറഞ്ഞു.
അറബ് സമൂഹവുമായും മുസ്ലിം ജനതയുമായും വളരെ അടുത്ത ബന്ധം തന്നെ അദ്ദേഹം പുലർത്തി. ഏറ്റവുമൊടുവിലെ വിശേഷ ദിനത്തിൽ നൽകിയ സന്ദേശത്തിൽ ഫലസ്തീനിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് ആവശ്യപ്പെട്ടിരുന്നു. സേവനകാലം മാനവ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തിയ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു - അനുശോചന കുറിപ്പിൽ ഗ്രാൻഡ് മുഫ്തി പറഞ്ഞു. 2019 ൽ അബുദാബിയിലും 2022 ൽ ബഹ്റൈനിലും നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അദ്ദേഹത്തെ നേരിട്ടുകാണുകയും സൗഹൃദം പങ്കിടുകയും ആശയവിനിമയം നടത്തുകയും ചെയ്ത ഓർമയും കുറിപ്പിൽ പങ്കിട്ടിട്ടുണ്ട്.