കോഴിക്കോട്: ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ 25-ാം രാവിൽ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിന് മുന്നോടിയായി സഹ്റത്തുൽ ഖുർആൻ വിദ്യാർഥികളുടെ ഖുർആൻ ഫെസ്റ്റ് 'തർനീം' ഇന്ന്(ശനി) നടക്കും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140 സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ഇന്ന് മർകസിൽ നടക്കുന്ന അന്തിമ തല മത്സരത്തിൽ മാറ്റുരക്കുക. യൂണിറ്റ്, സോൺ തല മത്സരങ്ങളിൽ മികവ് പുലർത്തിയവരാണ് മത്സരികൾ. ഖുർആൻ മനഃപാഠം, പാരായണം എന്നീ വിഭാഗങ്ങളിൽ നടക്കുന്ന ഫെസ്റ്റിലെ വിജയികൾക്ക് 25 ന് നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
മാർച്ച് 25 ന് വൈകുന്നേരം 4 മുതൽ 26 പുലർച്ചെ 1 വരെയാണ് ഖുർആൻ സമ്മേളനവും ഹിഫ്ള് സനദ് ദാനവും നടക്കുക. വിവിധ ആത്മീയ-പ്രാർഥനാ മജ്ലിസുകൾക്ക് പുറമെ മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിലെ 9 ക്യാമ്പസുകളിൽ നിന്ന് ഖുർആൻ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകളുടെ സനദ് ദാനവും സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ വാർഷിക ഖുർആൻ പ്രഭാഷണവും സമ്മേളനത്തിന്റെ മുഖ്യ പരിപാടികളാണ്.
കൂടാതെ ആയിരം ഹാഫിളുകൾ നേതൃത്വം നൽകുന്ന ഗ്രാൻഡ് ഖത്മുൾ ഖുർആൻ മജ്ലിസ്, തൗബ, തഹ് ലീൽ പ്രാർഥനാ സംഗമം, ദൗറത്തുൽ ഖുർആൻ സദസ്സ് തുടങ്ങിയ ആത്മീയ പരിപാടികളും സമ്മേളനത്തിൽ നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.