മർകസ് ത്വയ്ബ ഗാർഡൻ പത്താം വാർഷിക സമ്മേളന ലോഗോ പ്രകാശനം ചെയ്തു
2023 ഒക്ടോബർ 21, 22, 23 തിയ്യതികളിലാണ് പത്താം വാർഷിക സമ്മേളനം നടക്കുന്നത്...
മർകസ് ത്വയ്ബ ഗാർഡൻ പത്താം വാർഷിക സമ്മേളനം ലോഗോ പ്രകാശനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു
Markaz Live News
September 30, 2022
Updated
കൊൽക്കത്ത: ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി 2012ൽ സ്ഥാപിതമായ ബംഗാൾ മർകസ് ത്വയ്ബ ഗാർഡന്റെ പത്താം വാർഷിക സമ്മേളനത്തിന്റെ ലോഗോ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്തു. ബംഗാളിലെ മാജിഖണ്ഡ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ത്വൈബ ഗാർഡൻ കേന്ദ്ര ക്യാമ്പസിൽവെച്ച് 2023 ഒക്ടോബർ 21, 22, 23 തിയ്യതികളിലാണ് പത്താം വാർഷിക സമ്മേളനം നടക്കുന്നത്.
തദ്ദേശീയരായ ഏതാനും വിദ്യാർത്ഥികളുമായി 2012ൽ തുടങ്ങിയ സ്ഥാപനം ദഅവ കോളേജ്, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ശരീഅത്ത് കോളേജ്, മോഡൽ സ്കൂൾ തുടങ്ങി വ്യതസ്ഥ സ്ഥാപനങ്ങളായി ഇന്ന് 15 ക്യാമ്പസുകളിൽ വ്യാപിച്ചു കിടക്കുന്നു. സമ്മേളനത്തോടനുബന്ധിച്ച് നിർധനരായ നൂറ് പെൺകുട്ടികളുടെ വിവാഹം, പുതിയ നൂറ് മോറൽ അക്കാദമികൾ, പാവപ്പെട്ട പത്ത് കുടുംബങ്ങൾക്ക് വീട്, യുവാക്കളായ നൂറ് പേർക്ക് തൊഴിൽ, ഉന്നത പഠനങ്ങൾക്കായി നൂറ് വിദ്യാർത്ഥികളെ കേന്ദ്ര സർവ്വകലാശാലകളിലേക്ക് എത്തിക്കാനുള്ള പരിശീലനം, ബംഗാളിലെ വിവിധ പത്ത് കേന്ദ്രങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, ആയിരം ഗ്രാമങ്ങളിൽ കുടിവെള്ളത്തിനുള്ള സൗകര്യം തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനം ബംഗാളിലെ വ്യത്യസ്ഥ സോണുകളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
വിദ്യാർത്ഥി സമ്മേളനം, ഹാർമണി കോൺഫറൻസ്, ഉലമ സമ്മേളനം, മിഷൻ 2030 പ്രഖ്യാപനം തുടങ്ങി വ്യത്യസ്ഥ സെഷനുകളായാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ നടന്നു. ലണ്ടനിൽ നടന്ന ചടങ്ങിൽ നോളജ് സിറ്റി ഡയറക്ടർ ഡോക്ടർ അബ്ദുൽ ഹകീം അസ്ഹരിയും ദുബൈയിൽ കേരള തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും പ്രകാശനകർമം നിർവഹിച്ചു.