നോളജ് സിറ്റിയുടെ പദ്ധതികൾ കേരളത്തിന്റെ സാമ്പത്തിക നിലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കും: പി രാജീവ്
വീടുകൾ കേന്ദ്രീകരിച്ച് ജോലി സാധ്യതകൾ നിർമിക്കുന്ന നോളജ് സിറ്റിയുടെ പദ്ധതി കേരളത്തിലെ സാമ്പത്തിക നിലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സഹായിക്കും....
മർകസ് നോളജ് സിറ്റിയിൽ നടന്ന സംരംഭക സംഗമത്തിൽ മന്ത്രി പി രാജീവ് സംസാരിക്കുന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് സമീപം
Markaz Live News
December 20, 2022
Updated
നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയുടെ പദ്ധതികൾ കേരളത്തിന്റെ സാമ്പത്തിക നിലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് കേരള വ്യവസായ- നിയമ വകുപ്പ് മന്ത്രി പി രാജീവ്. ചെറുകിട നിക്ഷേപങ്ങളിലൂടെയും കുടിൽ വ്യവസായങ്ങളിലൂടെയും വലിയ സാദ്ധ്യതകൾ തുറക്കാമെന്നതിൽ നോളജ് സിറ്റി മാതൃകയാണ്. എല്ലാം വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്ന നോളജ് സിറ്റിയെ കേരളത്തിന് വേണ്ടി ഞാൻ അഭിനന്ദിക്കുകയാണ്'- മന്ത്രി പറഞ്ഞു. മർകസ് നോളജ് സിറ്റി സന്ദർശന വേളയിൽ നടന്ന സംരംഭക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകൾ കേന്ദ്രീകരിച്ച് ജോലി സാധ്യതകൾ നിർമിക്കുന്ന നോളജ് സിറ്റിയുടെ പദ്ധതി കേരളത്തിലെ സാമ്പത്തിക നിലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സഹായിക്കും. വ്യാവസായിക സ്ഥാപനങ്ങൾ തുടങ്ങുന്നതിനും, വീടുകൾക്കകത്ത് വ്യാവസായിക യൂണിറ്റ് തുടങ്ങുന്നതിനുമെല്ലാം തടസ്സമാകുന്നതോ കാലതാമസം വരുത്തുന്നതോ ആയ ഉദ്യോഗതല പ്രയാസങ്ങൾ ഒഴിവാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. പുതിയ ഉത്പാദകർക്ക് യൂണിറ്റുകൾ നിയമക്കുരുക്കുകളില്ലാതെ തുടങ്ങാൻ സഹായിക്കുന്ന സംസ്ഥാന തല ബോഡി ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രി കൂട്ടി ചേർത്തു.
ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യരായ വീട്ടമ്മമാർ ഉള്ള ഇടമാണ് കേരളം. വീട്ടിൽ നിന്നും ജോലി ചെയ്ത് സമ്പാദിക്കാനുള്ള അവസരം ഇത്തരക്കാർ ഉൾപ്പെടെ എല്ലാവർക്കും ഏറെ സഹായകമാകും. ഒരു വർഷം 1,09,000 കോടി രൂപയുടെ സാധനങ്ങൾ നിലവിൽ കേരളത്തിന്റെ പുറത്ത് നിന്നും കൊണ്ട് വന്ന് വിൽക്കുന്നുണ്ട്. നാല്പത്തിനാല് നദികൾ ഉള്ള, മഴ നന്നായി കിട്ടുന്ന നമ്മുടെ നാട്ടിൽ 260 കോടിയുടെ കുപ്പി വെള്ളം പുറത്ത് നിന്നും കൊണ്ട് വന്ന് വിൽക്കുന്നു. അങ്ങനെ പലതും നാം ഇപ്പോൾ പുറത്ത് നിന്നും കൊണ്ട് വന്നാണ് ഉപയോഗിക്കുന്നത്. ഇതിൽ ഒട്ടുമിക്കതും നമുക്ക് തന്നെ ഉൽപ്പാദിപ്പിക്കാൻ സാധ്യമാകുന്നതാണ്. സർക്കാർ ഇപ്പോൾ മേക്കിങ് കേരള മാർക്കറ്റുകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകളിൽ ആണ്. എല്ലാ ഉത്പ്പാദകർക്കും ഇത് ഏറെ സഹായകമാകും. മന്ത്രി പി രാജീവ് പറഞ്ഞു. സന്ദർശനത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് മന്ത്രിയെ അനുഗമിച്ചു. നോളജ് സിറ്റിയിലെ സ്ഥാപന മേധാവികളുമായി മന്ത്രിയും എം എൽ എ യും ചർച്ച നടത്തി. നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസലാം സംഗമത്തിന് നേതൃത്വം നൽകി.