പ്രാർത്ഥനാ ധന്യമായി മർകസ് റമസാൻ ആത്മീയ സമ്മേളനം
മർകസ് റമസാൻ ആത്മീയ സമ്മേളനത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു
മർകസ് റമസാൻ ആത്മീയ സമ്മേളനത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു
കോഴിക്കോട്: ആയിരം മാസങ്ങളുടെ പുണ്യം തേടി ആയിരങ്ങൾ സംഗമിച്ച് മർകസ് ആത്മീയ സമ്മേളനം. റമസാനിലെ സവിശേഷ ദിനമായ 25-ാം രാവിലെ പ്രത്യേക പ്രാർത്ഥനകളിലും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വാർഷിക പ്രഭാഷണത്തിലും പങ്കെടുക്കാൻ കഴിഞ്ഞദിവസം രാവിലെ മുതൽ തന്നെ വിശ്വാസികൾ മർകസിൽ എത്തിത്തുടങ്ങിയിരുന്നു. ഉച്ചക്ക് ഒന്നു മുതൽ പുലർച്ചെ ഒന്നു വരെ നടന്ന സമ്മേളനത്തിന് ആത്മീയ നേതാക്കളും പ്രശസ്ത പണ്ഡിതരും നേതൃത്വം നൽകി. ശനിയാഴ്ച്ച ഉച്ചക്ക് ഒരുമണിക്ക് നടന്ന മതപ്രഭാഷണം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തി. വൈകുന്നേരം നടന്ന ഖത്മുൽ ഖുർആൻ സംഗമത്തിൽ മർകസ് സഹകാരികളെയും പ്രവർത്തകരെയും അനുസ്മരിച്ചു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, സയ്യിദ് ജസീൽ കാമിൽ സഖാഫി നേതൃത്വം നൽകി. വിവിധ ഖുർആൻ അകാദമികളിലെ അധ്യാപകരും വിദ്യാർത്ഥികളും ഖത്മുൽ ഖുർആൻ സംഗമത്തെ ഭക്തിസാന്ദ്രമാക്കി.
സമ്മേളനത്തിനെത്തിയവർക്ക് മസ്ജിദ് പരിസരത്തും കൺവെൻഷൻ സെന്ററിലും വിപുലമായ ഇഫ്താർ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരുന്നത്. ഇഫ്താറിന് ശേഷം മസ്ജിദുൽ ഹാമിലിയിൽ നടന്ന തസ്ബീഹ്, അവ്വാബീൻ, തറാവീഹ്, വിത്ർ നിസ്കാരങ്ങൾ വിശ്വാസികളുടെ ആധിക്യത്താലും ഇമ്പമുള്ള ഖുർആൻ പാരായണത്താലും ശ്രദ്ധേയമായി. രാത്രി പത്തിന് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ആത്മീയ സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ദിക്ർ-ദുആ സദസ്സിന് നേതൃത്വം നൽകി. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് സുഹൈൽ സഖാഫ് മടക്കര, സയ്യിദ് പൂക്കോയ തങ്ങൾ, സയ്യിദ് സ്വാലിഹ് തുറാബ്, സയ്യിദ് സ്വാലിഹ് ജിഫ്രി, അബൂബക്കർ സഖാഫി പന്നൂർ, ഹാഫിള് അബ്ദുറൗഫ് സഖാഫി, അബ്ദുൽ ഖാദർ കിണാശേരി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സംബന്ധിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മർകസ് പ്രധാന ക്യാമ്പസിലും പരിസരത്തും വിശാലമായ സൗകര്യങ്ങളും ഭക്ഷണ സംവിധാനവും വളണ്ടിയർ സേവനവും ഒരുക്കിയിരുന്നു.