കോഴിക്കോട്: മർകസും മദനീയം കൂട്ടായ്മയും നിർമിച്ചു നൽകുന്ന 111 സാദാത്ത് ഭവന പദ്ധതി സമർപ്പണത്തിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. മെയ് 21 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മത സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾക്ക് ഭവനങ്ങൾ കൈമാറും. സമർപ്പണ ചടങ്ങിന്റെ മുന്നോടിയായി മർകസിന്റെയും മദനീയത്തിന്റെയും പ്രാസ്ഥാനിക കുടുംബത്തിന്റെയും ആഭിമുഖ്യത്തിൽ കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും വിപുലമായ സന്ദേശ-പ്രചാരണ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ നടന്ന മർകസ് നാൽപത്തിയഞ്ചാം വാർഷിക സമ്മേളനത്തിലാണ് സമർപ്പണ ചടങ്ങിന്റെ പ്രഖ്യാപനമുണ്ടാകുന്നത്. കേരളത്തിലെയും കർണാടകയിലെയും പ്രമുഖ സാദത്ത് ഖബീല സന്ദർശനം, സ്നേഹ സംഗമങ്ങൾ, സംയുക്ത പ്രാസ്ഥാനിക ഒത്തുചേരൽ തുടങ്ങിയ വിവിധ സന്ദേശ പരിപാടികൾ ഇതിനകം നടന്നു. നാളെ(വെള്ളി) ഒരു ലക്ഷം കുടുംബങ്ങൾ സമർപ്പണ പ്രചാരണത്തിന്റെ ഭാഗമാകും. സമർപ്പണ സംഗമത്തിലേക്ക് എത്തിച്ചേരുന്ന അതിഥികളെയും സ്നേഹജനങ്ങളെയും സ്വാഗതം ചെയ്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കമാനങ്ങളും ഹോൾഡിങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്.
ഭവന സമർപ്പണത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി കഴിഞ്ഞദിവസം മർകസിൽ ചേർന്ന സ്വാഗത സംഘം യോഗം ചെയർമാൻ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ഉദ്ഘാടനം ചെയ്തു. ഡോ.എപി അബ്ദുൽ ഹകീം അസ്ഹരി, അബ്ദുലത്തീഫ് സഖാഫി മദനീയം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സംസാരിച്ചു. സയ്യിദ് സ്വാലിഹ് ശിഹാബ്, സയ്യിദ് മുഹമ്മദ് ബാഫഖി, സിപി ഉബൈദുല്ല സഖാഫി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ജാഫർ സഖാഫി, കെകെ ശമീം, ഉനൈസ് മുഹമ്മദ്, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, അക്ബർ ബാദുശ സഖാഫി, ഹനീഫ് അസ്ഹരി, ദുൽകിഫിൽ സഖാഫി, സികെ മുഹമ്മദ് ഇരിങ്ങണ്ണൂർ, സിദ്ദീഖ് കെ, ഉസ്മാൻ സഖാഫി, അശ്റഫ് കാരന്തൂർ, എം ജൗഹർ, മുഹമ്മദ് സഫ്വാൻ സംബന്ധിച്ചു.