മർകസ് ദേശീയ വിദ്യാഭ്യാസ പദ്ധതി: തമിഴ്നാട്ടിൽ റൈഹാൻ വാലി ക്യാമ്പസ് നിർമാണമാരംഭിച്ചു
തമിഴ്നാട് അരക്കോണത്ത് മർകസ് റൈഹാൻ വാലി ക്യാമ്പസ് നിർമാണോദ്ഘാടനത്തിന് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകുന്നു.
തമിഴ്നാട് അരക്കോണത്ത് മർകസ് റൈഹാൻ വാലി ക്യാമ്പസ് നിർമാണോദ്ഘാടനത്തിന് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകുന്നു.
ചെന്നൈ: രാജ്യവ്യാപകമായി മർകസ് ആരംഭിച്ച വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തമിഴ്നാട്ടിലെ അരക്കോണത്ത് റൈഹാൻ വാലി ക്യാമ്പസ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. പ്രദേശത്തെ മത സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ മർകസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി കുറ്റിയടിക്കൽ കർമത്തിന് നേതൃത്വം നൽകി. അനാഥാലയ നിർമാണാരംഭത്തോടെ തമിഴ്നാട്ടിലെ വിദ്യാഭ്യാസ, സാമൂഹ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന ദീർഘനാളത്തെ മർകസ് നേതൃത്വത്തിന്റെ സ്വപ്നമാണ് സഫലമാവുന്നത്. മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ് തമിഴ്നാട് സംസ്ഥാന നേതൃത്വത്തിന്റെ സഹകരണത്തോടെയാണ് നിർമാണ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്.
ചെന്നൈ നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെ അരക്കോണം അരികിൽപാടി ജെജെ നഗറിൽ മൂന്ന് ഏക്കർ വിസ്തൃതിയുള്ള ഈ ഭൂമി ഏതാനും വർഷങ്ങൾക്ക് മുമ്പ് ജെജെ ഹാജി എന്ന ഉദാരമതിയാണ് മർകസിനെ ഏൽപ്പിക്കുന്നത്. നോളേജ് സിറ്റി മാതൃകയിൽ വിദ്യാഭ്യാസ സമുച്ചയങ്ങൾ തമിഴ്നാട്ടിൽ ആരംഭിക്കാനും സാധാരണക്കാർക്ക് ഉന്നത വിദ്യാഭ്യാസവും ധാർമിക ബോധനവും ലഭ്യമാക്കാനുമാണ് സ്ഥലം ലഭ്യമാക്കിയത്. ഉടനെ തന്നെ മർകസ് പദ്ധതികളാവിഷ്കരിക്കുകയും പ്രദേശത്തെ സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് വിശദമായ സർവ്വേ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ആദ്യഘട്ടമായി റൈഹാൻ വാലി അനാഥാലയ ക്യാമ്പസിന് തുടക്കമിടുന്നത്. സമീപ ഭാവിയിൽ തന്നെ സാംസ്കാരിക കേന്ദ്രം, സിബിഎസ്ഇ സ്കൂൾ, പ്രൊഫഷണൽ കോളേജുകൾ തുടങ്ങി വിവിധ പദ്ധതികൾ ഇവിടെ ആരംഭിക്കും.
അരക്കോണം, വെല്ലൂർ, വാണിയമ്പാടി, ആർക്കോട്ട് എന്നീ പ്രദേശത്തുള്ള സാധാരണക്കാരുടെ സാമൂഹിക ഉന്നതി ലക്ഷ്യം വെച്ചാണ് ജെജെ നഗറിൽ മർകസ് വിദ്യാഭ്യാസ പദ്ധതികൾ ആരംഭിക്കുന്നതെന്നും സമീപഭാവിയിൽ തന്നെ കൂടുതൽ വികസനങ്ങൾ പ്രദേശത്ത് കൊണ്ടുവരാൻ സാധിക്കുമെന്നും ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രത്യാശ പ്രകടിപ്പിച്ചു. 1978 ൽ കോഴിക്കോട് ഒരു അനാഥാലയത്തിലൂടെ സാമൂഹിക പ്രവർത്തനത്തിന് തുടക്കമിട്ട മർകസ് ഇന്ന് ലോകത്ത് അറിയപ്പെട്ട വിദ്യാഭ്യാസ പ്രസ്ഥാനമായി ഇതിനകം മാറിയിട്ടുണ്ട്. ഈ അനാഥാലയത്തിന്റെ സ്ഥാപനത്തിലൂടെ തമിഴ്നാട്ടിൽ ഒട്ടനേകം സാംസ്കാരിക മുന്നേറ്റങ്ങൾ നടത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മർകസിന് കീഴിൽ ചെന്നൈ നഗരത്തോട് ചേർന്ന സോമംഗലത്ത് സാംസ്കാരിക കേന്ദ്രവും പ്രാഥമിക മതപഠന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഈ അക്കാദമിക വർഷത്തോടെ ത്വയ്ബ ഗാർഡൻ ഇന്റഗ്രെറ്റഡ് സ്റ്റഡി സെന്ററും ഇവിടെ പ്രവർത്തന സജ്ജമാകും. എസ്എസ്എൽസി പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് മതപഠനത്തോടൊപ്പം ഹയർസെക്കൻഡറി കോമേഴ്സ് പഠനം തുടരാൻ ഇവിടെ സൗകര്യമുണ്ടാകും. പൂനൂർ ജാമിഅ മദീനത്തുന്നൂർ അഫിലിയേഷനോടെയാണ് ത്വയ്ബ ഗാർഡൻ പ്രവർത്തിക്കുന്നത്. സോമംഗലം, അരക്കോണം ക്യാമ്പസുകളിലെ വിപുലീകരണ പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ രംഗത്ത് തമിഴ്നാട്ടിൽ വലിയ മുന്നേറ്റമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് മർകസ് നേതൃത്വം. ചടങ്ങിൽ മർകസ് എക്സിക്യൂട്ടീവ് അംഗം മൻസൂർ ഹാജി, തമിഴ്നാട് മുസ്ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് ഏറാമല, ചെന്നൈ സെൻട്രൽ മുസ്ലിം ജമാഅത്ത് ട്രഷറർ കുഞ്ഞമ്മദ് ഹാജി, ജെജെ അമാനുല്ല ഹാജി, ജെജെ നൂർ മുഹമ്മദ്, റൈഹാൻ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിപി സിറാജ് സഖാഫി സംബന്ധിച്ചു.