ഓർമകളുടെ കടലിരമ്പമായി മർകസ് തിദ്കാർ
മർകസ് തിദ്കാർ അനുസ്മരണ സംഗമത്തിന് സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു.
മർകസ് തിദ്കാർ അനുസ്മരണ സംഗമത്തിന് സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു.
കോഴിക്കോട്: റബീഉൽ ആഖിർ മാസത്തിൽ വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വത്തിന്റെയും ജാമിഅ മർകസ് മുദർരിസുമാരുടെയും അനുസ്മരണ സംഗമം 'തിദ്കാർ' അപൂർവ്വ ഓർമകളുടെയും അനുഭവങ്ങളുടെയും പങ്കുവെക്കലിനാൽ ഗംഭീരമായി. സഹപ്രവർത്തകരും ശിഷ്യരും തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളുടെയും ഉസ്താദുമാരുടെയും ജീവിതചിത്രങ്ങൾ പുതുതലമുറയുമായി പങ്കിട്ടത് പഴയകാല മതാധ്യാപന രീതികളും മാതൃകാ ജീവിതരീതികളും അടുത്തറിയാനുള്ള വേദിയായി മാറി. മർകസ് കൺവെൻഷൻ സെന്ററിൽ തിങ്ങിനിറഞ്ഞ സദസ്സിൽ നടന്ന സംഗമത്തിന് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. വിപിഎം ഫൈസി വില്യാപള്ളി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സച്ചരിതരായ നേതൃത്വത്തിന്റെയും ഉസ്താദുമാരുടെയും ചരിത്രം മനസ്സിലാക്കുന്നത് വ്യക്തികളെ നവീകരിക്കുമെന്നും ജീവചരിത്രം ഒരു കാലഘട്ടത്തിന്റെ ചലനങ്ങൾ അടുത്തറിയാനുള്ള ഉപാധികൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണ പ്രാർത്ഥന നിർവഹിച്ചു.
വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് സ്ഥാപകൻ ഹസ്റത്ത് അല്ലാമാ അബ്ദുൽ വഹാബ് അൽ ഖാദിരി, സമസ്തക്ക് ജനകീയാടിത്തറ നൽകുന്നതിലും ശക്തിപ്പെടുത്തുന്നതിലും മുഖ്യ പങ്കുവഹിച്ച താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങൾ, മദ്റസാ പ്രസ്ഥാനത്തിന്റെ വ്യാപനത്തിൽ മുഖ്യപങ്കുവഹിച്ച നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്ലിയാർ, സംഘടനയുടെയും മർകസിന്റേയും ആത്മീയ നേതൃത്വമായിരുന്ന സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, മർകസ് മുദർരിസുമാരും മുശാവറാ അംഗങ്ങളുമായിരുന്ന നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ, എ പി മുഹമ്മദ് മുസ്ലിയാർ, ഹുസൈൻ മുസ്ലിയാർ പടനിലം എന്നിവരെയാണ് സംഗമത്തിൽ അനുസ്മരിച്ചത്.
കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്പുറം എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, പിസി അബ്ദുല്ല ഫൈസി, വിടി അഹ്മദ്കുട്ടി മുസ്ലിയാർ, സത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ഹനീഫ സഖാഫി ആനമങ്ങാട്, ബശീർ സഖാഫി എ ആർ നഗർ, അബ്ദുൽ മജീദ് സഖാഫി മുടിക്കോട്, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.