കൊൽക്കത്ത: പശ്ചിമബംഗാൾ കേന്ദ്രീകരിച്ച് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ രംഗത്ത് സ്തുത്യർഹമായ പത്തുവർഷം പൂർത്തിയാക്കിയ ബംഗാൾ മർകസ്-ത്വയ്ബ ഗാർഡന് പുതിയ അക്കാദമിക് ബ്ലോക്ക് സമ്മാനിച്ച് മർകസ് അലുംനി യു എ ഇ നാഷണൽ കമ്മിറ്റി. ദക്ഷിൺ ദിനാജ്പൂർ ജില്ലയിലെ മാജിഖണ്ഡയിലെ ത്വയ്ബ ആസ്ഥാനത്ത് പൂർത്തീകരിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ നിർമാണോദ്ഘാടനം മത-സാമൂഹിക രംഗത്തെ പ്രമുഖർ ചേർന്ന് നിർവഹിച്ചു.
30,000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന അക്കാദമിക്ക് കോംപ്ലക്സിലെ 10,000 ചതുരശ്ര അടി വരുന്ന ആദ്യ ബ്ലോക്കാണ് അലുംനിയുടെ നേതൃത്വത്തിൽ സാധ്യമാക്കുന്നത്. 32 ക്ലാസ് റൂമുകൾ, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, പൂന്തോട്ടം, കളിസ്ഥലം എന്നീ സൗകര്യങ്ങളോടെ 1000 വിദ്യാർഥികൾക്ക് പഠിക്കാനുള്ള സംവിധാനമാണ് കോംപ്ലക്സിൽ സജ്ജീകരിക്കുന്നത്. മർകസിന്റെ ദേശീയ സ്ഥാപന-സംഘടനാ കൂട്ടായ്മയായ എം ഹാൻഡ്സ്(Markaz Holistic Approach for National Development And Sustainability)മായി സഹകരിച്ചാണ് പദ്ധതിയുടെ നിർവ്വഹണം.
2012ൽ മർകസ് പൂർവ വിദ്യാർഥി സുഹൈറുദ്ദീൻ നൂറാനിയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് സ്ഥാപിച്ചാണ് ബംഗാൾ മർകസിന് തുടക്കമിടുന്നത്. 9 വിദ്യാർഥികളുമായി തുടങ്ങിയ സ്ഥാപനം ബംഗാളിന് പുറമെ ആസാം, ബീഹാർ, മണിപ്പൂർ, ത്രിപുര, ഒഡീഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും സാധാരണക്കാരുടെ വിദ്യാഭ്യാസ-ജീവിത നിലവാരത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 18 സ്ഥാപനങ്ങളിലായി 3500 വിദ്യാർഥികളും, സാമൂഹ്യക്ഷേമ പദ്ധതികളിലായി ഒരുലക്ഷത്തോളം ജനങ്ങളും ഇന്ന് ബംഗാൾ മർകസിന്റെ ഗുണഭോക്താക്കളാണ്.
മാർച്ച് 1,2,3 തിയ്യതികളിൽ നടക്കുന്ന ത്വയ്ബ പത്താം വാർഷിക സമ്മേളനത്തിന് മുന്നോടിയായാണ് നിർമാണോദ്ഘാടനം നടന്നത്. മർകസിന്റെ ദേശീയ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനായി അലുംനി ആവിഷ്കരിച്ച 'നാഷണൽ മിഷൻ' പദ്ധതിയിൽ ആദ്യത്തേതാണ് ഇത്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ബംഗാൾ ഗ്രാമങ്ങൾ ഏറ്റെടുക്കുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി. 10 ഗ്രാമങ്ങളിലാണ് ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുക.
ശിലാസ്ഥാപന ചടങ്ങിന് ദക്ഷിൺ ദിനാജ്പൂർ ജില്ലാ കളക്ടർ ബിജിൻ കൃഷ്ണ നേതൃത്വം നൽകി. മർകസ് അലുംനി യു എ ഇ ദേശീയ കമ്മിറ്റി സാരഥികളായ ഉമ്മർ ഫാറൂഖ്, അക്ബർ ഷാ, ത്വയ്യിബ് മുഹമ്മദ്, മുഹമ്മദലി പരപ്പൻപൊയിൽ, മനാഫ് പൂക്കാട്ടിൽ, ജാമിഅ മർകസ് ഡെപ്യൂട്ടി റെജിസ്ട്രാർ കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മർകസ് അലുംനി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി ഉബൈദുല്ലാ സഖാഫി, ചീഫ് കോഡിനേറ്റർ അക്ബർ ബാദുഷ സഖാഫി, ജനറൽ സെക്രട്ടറി സി സ്വാദിഖ് കൽപള്ളി, ഫൈനാൻസ് സെക്രട്ടറി ജൗഹർ കുന്ദമംഗലം, കോർഡിനേറ്റർമാരായ മിസ്തഹ് മൂഴിക്കൽ, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, ജബ്ബാർ ഒറ്റപ്പിലാവ്, സലീം ആർ സി, വി സി റഫീഖ്, മനാഫ് ചാവക്കാട്, ബാപ്പി സർക്കാർ, മുന്ന, ത്വയ്ബ ഗാർഡൻ സാരഥികളായ സുഹൈറുദ്ദീൻ നൂറാനി, ശരീഫ് നൂറാനി, മുഹമ്മദ് അലി ഹനീഫ് നൂറാനി സംബന്ധിച്ചു.