മർകസ് ഖുർആൻ സമ്മേളനം ഏപ്രിൽ നാലിന്; പ്രചാരണം സജീവമായി
മർകസ് ഖുർആൻ സമ്മേളന പ്രചാരണ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്യുന്നു.
മർകസ് ഖുർആൻ സമ്മേളന പ്രചാരണ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്യുന്നു.
കോഴിക്കോട്: റമളാൻ 25-ാം രാവിൽ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ പ്രചാരണം നാടെങ്ങും സജീവമായി. സമ്മേളന പോസ്റ്റർ കണ്ണൂരിൽ നടന്ന ചടങ്ങിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂരിന്റെ നേതൃത്വത്തിൽ പ്രകാശനം ചെയ്തു. ഏപ്രിൽ 04 വ്യാഴാഴ്ച ഉച്ചക്ക് ഒന്നു മുതൽ വെള്ളി പുലർച്ചെ ഒന്നു വരെ നടക്കുന്ന ഖുർആൻ സമ്മേളനത്തിന് പ്രശസ്ത പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നൽകും. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നും വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയ 161 ഹാഫിളുകൾ സമ്മേളനത്തിൽ സനദ് സ്വീകരിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഖുർആൻ പ്രഭാഷണവും നടക്കും. ളിയാഫത്തുൽ ഖുർആൻ, ഖത്മുൽ ഖുർആൻ, ഹാഫിള് സംഗമം, ദസ്തർ ബന്ദി, ആത്മീയ സമ്മേളനം, ഗ്രാൻഡ് കമ്മ്യൂണിറ്റി ഇഫ്താർ തുടങ്ങി വിവിധ ആത്മീയ പ്രാർഥനാ സദസ്സുകൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സ്വാഗതസംഘം ഭാരവാഹികൾ: സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി(ചെയർമാൻ), എൻ അലി അബ്ദുല്ല(ജന. കൺവീനർ), കുറ്റൂർ അബ്ദുറഹ്മാൻ ഹാജി(ഫിനാൻസ് സെക്രട്ടറി), എ സൈഫുദ്ദീൻ ഹാജി, ശമീം കൽപേനി(മീഡിയ), അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, വി എം റശീദ് സഖാഫി മങ്ങാട്(ആത്മീയ മജ്ലിസ്), സുലൈമാൻ ഹാജി കിഴിശ്ശേരി, അബ്ദുലത്തീഫ് സഖാഫി മദനീയം(ഫിനാൻസ്), ദുൽകിഫ്ൽ സഖാഫി കാരന്തൂർ, മഹ്മൂദ് ചെലവൂർ(ഇഫ്താർ), ഉമർ നവാസ് ഹാജി, അലി ഹാജി കാരന്തൂർ(വളണ്ടിയർ), ഹനീഫ് അസ്ഹരി കാരന്തൂർ, അശ്റഫ് ചേരിഞ്ചാൽ(സ്റ്റേജ്), കബീർ സഖാഫി, യാസിർ സഖാഫി പയ്യനാട്(വിഭവം), സഅദ് പന്നൂർ, അബൂബക്കർ പന്നൂർ(സീറോ വേസ്റ്റ്).