സൗരോർജ തിളക്കത്തിൽ മർകസ്; സോളാർ പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷൻ ചെയ്തു.
മർകസ് സോളാർ പദ്ധതിയുടെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു.
മർകസ് സോളാർ പദ്ധതിയുടെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു.
കോഴിക്കോട്: ഊർജ സംരക്ഷണ രംഗത്തെ നവീന മാതൃകകൾ പ്രാവർത്തികമാക്കി മർകസ്. സമ്പൂർണ സോളാർ ക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ടം മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ ക്യാമ്പസിലെ മസ്ജിദുൽ ഹാമിലിയുടെ മുകൾവശത്ത് സജ്ജീകരിച്ച 50 കിലോവാട്ട് പവർ ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിൽ നിന്ന് ഒരു ദിവസം പരമാവധി 200 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിക്കാൻ സാധിക്കുക. ഇതിലൂടെ വൈദ്യുതി ചാർജ് ഇനത്തിൽ പ്രതിമാസം അരലക്ഷം രൂപ ലാഭിക്കാൻ സാധിക്കും. മർകസ് യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അബൂദാബി, മുസഫ്ഫ, അൽ ഐൻ, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ദൈദ്, ഫുജെെറ എന്നീ സെൻട്രലുകളിലെ ഐ സി എഫ്, ആർ എസ് സി, കെ സി എഫ്, മർകസ് കമ്മിറ്റി ഭാരവാഹികളുടെയും പ്രവർത്തകരുടെയും സഹകാരികളുടെയും സ്പോൺസർഷിപ്പിലാണ് പദ്ധതി നടപ്പിലാക്കിയത്.
മർകസ് നോളേജ് സിറ്റിയിലെ ഹൊഗർ ടെക്നോളജീസ് ആൻഡ് ഇന്നോവേഷൻസ് കമ്പിനിയാണ് പദ്ധതി സാക്ഷാത്കരിച്ചത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ കേന്ദ്രമാവുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പദ്ധതിയുടെ അടുത്ത ഘട്ട നിർമാണം ഉടനെ ആരംഭിക്കും. ഇതോടെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന വൻകിട സ്ഥാപനങ്ങളുടെ പട്ടികയിൽ ഇനി മർകസും ഇടംപിടിക്കും.
2006-ൽ സംസ്ഥാനത്തെ തന്നെ മികച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് സമർപ്പിച്ച് മർകസ് വാർത്തകളിൽ ഇടം നേടിയിരുന്നു. പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, ബയോഗ്യാസ് പ്ലാന്റ്, റീ സൈക്ലിംഗ് യൂണിറ്റ്, ക്യാമ്പസ് ജൈവ കൃഷിത്തോട്ടം, മത്സ്യകൃഷി എന്നിവയും പരിസ്ഥിതി സംരക്ഷണ- മാലിന്യ നിർമാർജന രംഗത്തെ പ്രധാന മർകസ് പദ്ധതികളാണ്. സോളാർ പ്രോജക്ട് ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സി പി ഉബൈദുല്ല സഖാഫി, അബൂബക്കർ ഹാജി കിഴക്കോത്ത്, അക്ബർ ബാദുഷ സഖാഫി, ഹനീഫ് സഖാഫി സംബന്ധിച്ചു.