കോഴിക്കോട്: സയ്യിദ് കുടുംബങ്ങളെ ആദരിക്കുന്നതിനും അടുത്തറിയുന്നതിനുമായി എല്ലാ ഹിജ്റ വർഷവും മുഹർറം 9ന് ചരിത്ര സ്മരണയോടെ സംഘടിപ്പിക്കുന്ന സാദാത്ത് സംഗമം നാളെ മർകസിൽ നടക്കും. കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിവിധ ഖബീലകളിലെ രണ്ടായിരത്തോളം സയ്യിദന്മാർ സംഗമത്തിൽ സംബന്ധിക്കും. കൺവെൻഷൻ സെന്ററിൽ ഉച്ചക്ക് ഒരു മണിയോടെ ആരംഭിക്കുന്ന സംഗമം വൈകുന്നേരം ഏഴുമണിയോടെ സമാപിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തും. സയ്യിദ് ഫള്ൽ കോയമ്മ തങ്ങളെ ചടങ്ങിൽ അനുസ്മരിക്കും. സവിശേഷ മികവ് പുലർത്തിയ സാദാത്തുക്കളെ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ആദരിക്കും.
സാദാത്ത് സംഗമങ്ങളുടെ ചുവടുപിടിച്ചാണ് നബി കുടുംബങ്ങളുടെ ഭൗതികവും സാമൂഹികവുമായ ഉന്നമനത്തിന് വേണ്ടി ഓരോ വർഷവും മർകസ് വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നത്. കഴിഞ്ഞവർഷം സമർപ്പിച്ച 111 സാദാത്ത് ഭവനങ്ങളും ചികിത്സാ ആനുകൂല്യങ്ങളും വിദ്യാഭ്യാസ സഹായങ്ങളുമെല്ലാം ഇത്തരത്തിൽ സയ്യിദന്മാർക്കായി മർകസ് ആവിഷ്കരിച്ച് നടപ്പിലാക്കിയ സാമൂഹ്യക്ഷേമ പദ്ധതികളാണ്. സംഗമത്തിൽ സയ്യിദ് ഹുസൈൻ അഹ്മദ് ശിഹാബുദ്ദീൻ തിരൂർക്കാട്, സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി, സയ്യിദ് ത്വാഹ തളീക്കര, സയ്യിദ് ഇസ്മാഈൽ ബുഖാരി കടലുണ്ടി, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ വൈലത്തൂർ, വിപിഎ തങ്ങൾ ആട്ടീരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, സയ്യിദ് സ്വാലിഹ് ജിഫ്രി കുറ്റിച്ചിറ, സയ്യിദ് ജസീൽ കാമിൽ സഖാഫി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.