ന്യൂഡല്ഹി: കേരളത്തില് നിന്നുള്ള ഹജ്ജ് സര്വ്വീസ് ഈ വര്ഷം മുതല് തന്നെ കരിപ്പൂര് വിമാനത്താവളത്തില് നിന്ന് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര് മുസ് ലിയാര് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര് അബ്ബാസ് നഖ്വിയെ കണ്ടു. കേരളത്തില് നിന്നുള്ള ഹജ്ജ് തീര്ത്ഥാടകരില് 80 ശതമാനത്തിലധികം മലപ്പുറം, കോഴിക്കോട്, കണ്ണൂര് ജില്ലകളില് നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെ ഈ തീര്ത്ഥാടകര്ക്ക് സൗകര്യപ്രദമായ വിമാനത്താവളം കരിപ്പൂരാണ്. ഇവിടെനിന്നും ഹജ്ജ് സര്വ്വീസ് പുന: സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള് സ്വീകരിക്കണമെന്ന് കാന്തപുരം നഖ്വിയോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളില് നിന്നുള്ള ഹജ്ജ് തീര്ത്ഥാടകര്ക്ക് വര്ഷങ്ങളായി കരിപ്പൂര് വിമാനത്താവളമാണ് എംബാര്ക്കേഷന് പോയന്റായി അനുവദിച്ചു നല്കിയിരുന്നത്. എന്നാല് 2015ല് വിമാനത്താവളത്തിന്റെ റണ്വേ അറ്റകുറ്റപ്പണികള്ക്ക് വേണ്ടി വിമാനത്താവളം അടച്ചതോടെയാണ് ഹജ്ജ് എംബാര്ക്കേഷന് പോയിന്റ് കൊച്ചിയിലേക്ക് മാറ്റിയത്. നിലവില് കരിപ്പൂര് വിമാനത്താവളത്തില് റണ്വേ സ്ട്രംഗ്ത്തിംഗ്, ഇലക്ട്രിക് ജോലികള് പൂര്ത്തീകരിച്ചിട്ടുണ്ട്. ഇത് ബന്ധപ്പെട്ട അധികൃതര് ഉറപ്പു വരുത്തിയതുമാണ്. ചെറു വിമാനങ്ങള് ഉപയോഗിച്ച് ഹജ്ജ് സര്വ്വീസ് നടത്താന് വിമാനക്കമ്പനികള് ഒരുക്കമാണെന്നും മന്ത്രിയുടെ കൂടിക്കാഴ്ചയില് കാന്തപുരം പറഞ്ഞു. കൂടാതെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള സ്ഥിരം ഹജ്ജ് ഹൗസ് നിലനില്ക്കുന്നത് കരിപ്പൂര് വിമാനത്താവളത്തിനോട് ചേര്ന്നാണ്. കൊച്ചിയില് വലിയ തുക ചെലവഴിച്ച് താല്കാലിക ഹജ്ജ് കേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ലക്ഷങ്ങള് ചെലവഴിച്ച് നിര്മിച്ച കരിപ്പൂരിലെ ഹജ്ജ് ഹൗസ് ആളൊഴിഞ്ഞ് കിടക്കുകയാണ്. സമുദായത്തിലെ ഉദാരമതികളും തന്റെ സംഘടനയടക്കമുള്ള സന്നദ്ധ സംഘടനകളും നല്കിയ ഫണ്ടുപയോഗിച്ചാണ് ഇത് നിര്മിച്ചിരിക്കുന്നത്. വിശ്വാസികള് നല്കിയ വഖ്ഫ് സ്വത്തുക്കള് അന്യാധീനപ്പെട്ടു പോകാന് പാടില്ല. ഇക്കാര്യങ്ങള് പരിഗണിച്ച് ഈ വര്ഷം മുതല് തന്നെ കേരളത്തിലെ ഹജ്ജ് എംമ്പാര്ക്കേഷന് പോയിന്റ് കരിപ്പൂരിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികള് സ്വീകരിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. വിഷയം പഠിച്ചുവരികയാണെന്നും കാന്തപുരം ഉന്നയിച്ച കാര്യങ്ങള് പരിഗണിക്കാമെന്നും നഖ്വി ഉറപ്പു നല്കി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുന് ചെയര്മാന് പ്രൊഫ. എ.കെ അബ്ദുല് ഹമീദ് കൂടിക്കാഴ്ചയില് പങ്കെടുത്തു. അതേസമയം, ഇന്ന് മുംബൈയില് ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില് കരിപ്പൂര് വിഷയം മുഖ്യ അജണ്ഡയായി പരിഗണിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് മഹ്ബൂബ് അലി ചൗധരി കാന്തപുരത്തിന് ഉറപ്പ് നല്കി.
മലേഷ്യന് പ്രധാനമന്ത്രി അന്വര് ഇബ്റാഹീം ആദ്യപ്രതി സ്വീകരിച്ചു ...