അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സംഗമത്തിന് ഉജ്ജ്വല സമാപ്തി
പാരമ്പര്യമാണ് ഇസ്ലാമിന്റെ ആത്മാവ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...
മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സമാപന സംഗമത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു. പ്രധാനമന്ത്രി അൻവർ ഇബ്റാഹീം, ഉപ പ്രധാനമന്ത്രി ഫാദില്ലാഹ് ബിൻ യൂസുഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താർ, മലേഷ്യൻ മുഫ്തി ഡോ. ലുഖ്മാൻ ബിൻ അബ്ദുല്ല സമീപം.
Markaz Live News
November 22, 2024
Updated
ക്വലാലംപൂർ: പാരമ്പര്യമാണ് ഇസ്ലാമിന്റെ ആത്മാവെന്നും സാമാധാന ജീവിതവും സാമൂഹിക സുരക്ഷിതത്വവും സാധ്യമാവാൻ വിശ്വാസികൾ പാരമ്പര്യ വിശ്വാസ രീതികളെ മുറുകെ പിടിക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ആഗോള പണ്ഡിതരും ഭരണാധികാരികളും മന്ത്രിമാരും അറിവന്വേഷകരും തിങ്ങിനിറഞ്ഞ പ്രൗഢ സദസ്സിൽ അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സംഗമത്തിന്റെ സമാപന ചടങ്ങിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി എന്നും മഹത്തുക്കളായ ഉസ്താദുമാരുടെ അംഗീകാരവും പൊരുത്തവും മൂലമാണ് ഇത്രയും കാലം ഈ ഗ്രന്ഥം ദർസ് നടത്താൻ സൗഭാഗ്യം ഉണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകപ്രശസ്ത പണ്ഡിതരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ 12 ദിവസമായി നടന്നുകൊണ്ടിരിക്കുന്ന സംഗമത്തിന്റെ സമാപനം പ്രധാനമന്ത്രി അൻവർ ഇബ്റാഹീം ഉദ്ഘാടനം ചെയ്തു. നബിചര്യകളും തനത് മൂല്യങ്ങളും വിളംബരം ചെയ്യാൻ മലേഷ്യൻ മതകാര്യവകുപ്പ് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മാനവ നന്മക്കാണ് വിശുദ്ധ ഖുർആനും ഹദീസുകളും പ്രചോദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വഹീഹുൽ ബുഖാരി അധ്യാപന കാലത്തെ തന്റെ പഠനങ്ങളും ആലോചനകളും ചർച്ചകളും ആസ്പദമാക്കി വിവിധ ഗ്രന്ഥങ്ങളെയും പണ്ഡിതരെയും അവലംബിച്ച് 20 വാള്യങ്ങളിലായി ഗ്രാൻഡ് മുഫ്തി രചിച്ച 'തദ്കീറുല് ഖാരി' വ്യാഖ്യാന കൃതി പ്രധാനമന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. ലോക സമാധാനത്തിനായി പ്രത്യേക പ്രാർഥനയും നടന്നു.
പരിശുദ്ധ ഖുർആന് ശേഷം ഏറ്റവും പ്രബല ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലൂടെ ഇസ്ലാമിക പൈതൃകവും പാരമ്പര്യവും വളർത്തിയെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. മലേഷ്യ മദനി നയത്തിന് കീഴിൽ പാരമ്പര്യ ഇസ്ലാമിന്റെ വ്യാപനത്തിനും വളർച്ചക്കുമായി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രിയുടെ കീഴിലുള്ള മതകാര്യ വകുപ്പ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം ജൂലൈയിൽ പുത്ര മസ്ജിദിൽ വാർഷിക ബുഖാരി സംഗമങ്ങൾ ആരംഭിച്ചത്. മതപണ്ഡിതർക്കുള്ള മലേഷ്യൻ ഭരണകൂടത്തിന്റെ പരമോന്നത ബഹുമതിയായ മഅൽ ഹിജ്റ പുരസ്കാരം നേടിയതിന് പിറകെ നടന്ന ആദ്യ സംഗമത്തിന് തുടക്കമിട്ടതും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായിരുന്നു. കഴിഞ്ഞ 60 വർഷമായി തുടർച്ചയായി ബുഖാരി ദർസ് നടത്തുന്ന ആഗോള പണ്ഡിതൻ എന്ന നിലയിലാണ് കാന്തപുരം ഉസ്താദിനെ ഔദ്യോഗിക അതിഥിയായി മലേഷ്യൻ സർക്കാർ തിരഞ്ഞെടുത്തത്.
സ്വഹീഹുൽ ബുഖാരി പൂർണമായും പാരായണം ചെയ്ത സദസ്സിൽ തിരഞ്ഞെടുക്കപ്പെട്ട 750 പേരാണ് മുഴുസമയ ശ്രോതാക്കളായി ഉണ്ടായിരുന്നത്. സമാപന സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊതുജനങ്ങൾ ഉൾപ്പെടെ അയ്യായിരത്തിലധികം പേർ പങ്കെടുത്തു. സ്വഹീഹുൽ ബുഖാരി ദർസിന് പുറമെ ഇജാസത്ത് കൈമാറ്റവും സംഗമത്തിന്റെ ഭാഗമായിരുന്നു. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉപപ്രധാനമന്ത്രിമാരായ അഹ്മദ് സാഹിദ് ബിൻ ഹാമിദി, ഫാദില്ലാഹ് ബിൻ യൂസുഫ്, മലേഷ്യൻ മുഫ്തി ഡോ. ലുഖ്മാൻ ബിൻ അബ്ദുല്ല, വിവിധ രാജ്യങ്ങളിലെ പണ്ഡിതരായ ശൈഖ് മുഹമ്മദ് അബ്ദുൽ ഹുദ അൽ യഅ്ഖൂബി സിറിയ, അൽ ഹബീബ് ഉമർ ജല്ലാനി മലേഷ്യ, ശൈഖ് അഫീഫുദ്ദീൻ ജീലാനി ബാഗ്ദാദ്, ഡോ. ജമാൽ ഫാറൂഖ് ഈജിപ്ത്, ശൈഖ് ഇസ്മാഈൽ മുഹമ്മദ് സ്വാദിഖ് ഉസ്ബസ്കിസ്താൻ, അലീ സൈനുൽ ആബിദീൻ ബിൻ അബൂബക്കർ ഹാമിദ്, ഇന്ത്യൻ പ്രതിനിധികളായി ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി, പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തുടങ്ങിയവർ സംഗമത്തിൽ സംബന്ധിച്ചു.