കമ്യൂണിറ്റി ലീഡര്ഷിപ്പ് അവാര്ഡ് ഡോ. അബ്ദുൽ ഹകീം അസ്ഹരിക്ക്
ഖത്വര് മന്ത്രി ഹമദ് ബിന് അബ്ദുല് അസീസ് അല് കവാരി പുരസ്കാരം സമ്മാനിച്ചു...
ഖത്വര് മന്ത്രി ഹമദ് ബിന് അബ്ദുല് അസീസ് അല് കവാരി പുരസ്കാരം സമ്മാനിച്ചു...
ദോഹ : എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മര്കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരിക്ക് ഇന്റര്നാഷണല് കമ്യൂണിറ്റി ലീഡര്ഷിപ്പ് അവാര്ഡ്. മര്കസിന്റെ വിദ്യാഭ്യാസ, സാമൂഹ്യ, സേവന പ്രവര്ത്തനങ്ങളെ പരിഗണിച്ചാണ് അവാര്ഡ്. ഖത്വര് സാമൂഹ്യ ഉത്തരവാദിത്ത വാരം ആചരിക്കുന്നതിന്റെ ഭാഗമായി ദോഹ ഇന്സ്റ്റിറ്റ്യൂട്ടും റീജിയണല് നെറ്റ്വർക്ക് കണ്സള്ട്ടന്സിയും സംയുക്തമായാണ് ഡോ. അസ്ഹരിക്ക് അവാര്ഡ് നല്കിയത്. ഖത്വര് ഉപപ്രധാനമന്ത്രിയുടെ പദവിയിലുള്ളയാളും ഖത്വര് നാഷണല് ലൈബ്രറി പ്രസിഡന്റുമായ ഹമദ് ബിന് അബ്ദുല് അസീസ് അല് കവാരിയാണ് പുരസ്കാരം സമ്മാനിച്ചത്.
യു എന് സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. മഅ്തൂഖ് അല് മഅ്തൂഖിന്റെ അധ്യക്ഷതയില് കഴിഞ്ഞ മാസം കുവൈത്തില് വെച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്, കുവൈത് ഫോറത്തിന്റെ സമാനമായ അവാര്ഡിനും ഡോ. അസ്ഹരി അര്ഹനായിരുന്നു. വിദ്യാഭ്യാസ, സാമൂഹിക പുരോഗതി ലക്ഷ്യമാക്കി മര്കസ് സ്ഥാപനങ്ങളും എസ്. വൈ.എസും അടക്കമുള്ള സംഘടനയും നടത്തുന്ന സേവന പ്രവര്ത്തനങ്ങള്ക്കുള്ളതാണ് ഈ അംഗീകാരം എന്ന് അസ്ഹരി പ്രസ്താവിച്ചു. അസ്ഹരിയുടെയടക്കം നേതൃത്വത്തില് നടന്നുകൊണ്ടിരിക്കുന്ന നിസ്വാര്ഥ പ്രവര്ത്തനങ്ങള് അന്താരാഷ്ട്ര തലത്തില് പോലും മാതൃകാപരമാണ് എന്നാണ് ഇത്തരം അംഗീകാരങ്ങള് വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ 24 സംസ്ഥാനങ്ങളില് പടര്ന്നു പന്തലിച്ച മര്കസിന്റെ മുന്നേറ്റങ്ങള്ക്ക് ഒരു കോടിയിലധികം ഉപഭോക്താക്കളാണ് നിലവിലുള്ളത്. മര്കസ് സ്ഥാപനങ്ങള്ക്ക് കീഴില് 6,000ത്തിലേറെ സാംസ്കാരിക കേന്ദ്രങ്ങളും 100 ലേറെ ആരോഗ്യ കേന്ദ്രങ്ങളും പ്രവര്ത്തിക്കുന്നുണ്ട്. 85,000 ത്തോളം വിദ്യാര്ഥികള്ക്ക് വസ്ത്രവും, 1,50,000 ത്തിലധികം ഭക്ഷണ പൊതി വിതരണവും നടന്നു.