കോഴിക്കോട്: പ്ലാറ്റിനം ഇയർ ആചരണത്തിന്റെ ഭാഗമായി സാഹോദര്യം സുദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളം നടത്തിയ മാനവ സഞ്ചാരത്തിന് നേതൃത്വം നൽകിയ എസ് വൈ എസ് സംസ്ഥാന ഭാരവാഹികൾക്കും യാത്രാംഗങ്ങൾക്കും സുന്നി പ്രാസ്ഥാനിക കേന്ദ്രമായ മർകസിൽ ഇന്ന്(ചൊവ്വ) വരവേൽപ്പ് നൽകും. സ്വീകരണ സംഗമത്തിൽ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചേർന്ന് യാത്രാ നായകരെയും നേതൃത്വത്തെയും പ്രത്യേകം ആദരിക്കും.
കഴിഞ്ഞ മാസം 16 ന് കാസർകോഡ് നിന്ന് ആരംഭിച്ച് ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് സമാപിച്ച മനവസഞ്ചാരത്തിന് കേരളീയ പൊതുമണ്ഡലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഉത്തരവാദിത്തം, മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഈ മാസം അവസാനം തൃശൂരിൽ നടക്കുന്ന എഴുപതാം വാർഷികത്തിന് മുന്നോടിയായി നടത്തിയ സഞ്ചാരത്തിന്റെ പ്രമേയവും ശൈലിയും കേരളം ഇതിനകം തന്നെ ചർച്ച ചെയ്തിട്ടുണ്ട്. പ്രായോഗികമായ ഒരുപാട് ആശയങ്ങളും അഭിപ്രായങ്ങളും മലയാളിക്ക് സമ്മാനിച്ചാണ് യാത്ര സമാപിച്ചത്. പ്രഭാത നടത്തം, ടേബിൾ ടോക്കുകൾ, ഒത്തിരിപ്പുകൾ, കൊടി തോരണങ്ങളും ഫ്ളക്സും ഇല്ലാതെയുള്ള ജനസഞ്ചയം ഉൾപ്പെടെ സുന്നി സമൂഹത്തിന് അവിസ്മരണീ യമായ അനുഭവം സമ്മാനിച്ച മാനവ സഞ്ചാരം നേതൃത്വത്തിന് പ്രസ്ഥാനം നൽകുന്ന ആദ്യ സ്വീകരണം കൂടിയാണ് മർകസിലേത്.
യാത്ര നായകരും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉൾപ്പെടെയുള്ളവരെയാണ് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സംഗമം ആദരിക്കുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗങ്ങളും ജനപ്രതിനിധികളും സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കുന്ന സംഗമത്തിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ വൈകുന്നേരം നാലിന് മർകസ് കൺവെൻഷൻ സെന്ററിൽ തുടക്കമാവും. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.
കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, എം എൽ എമാരായ പി ടി എ റഹീം, അഹ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, എം കെ മുനീർ, ജില്ലാ പഞ്ചായത്ത് അംഗം ദനീശ് ലാൽ, സി പി കുഞ്ഞുമുഹമ്മദ്, എൻ അലി അബ്ദുല്ല, അബ്ദുൽ മജീദ് കക്കാട്, ഫിർദൗസ് സഖാഫി കടവത്തൂർ, സി ആർ കുഞ്ഞുമുഹമ്മദ്, കുന്ദമംഗലം ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.