ഇമാമുമാര്‍ പ്രബോധന രംഗത്ത് അനുഗ്രഹീത മാതൃകയാവുക; കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്
Markaz Live News
March 15, 2022
Updated
കോഴിക്കോട്: ഇസ്ലാമിക വിരുദ്ധ കോടതി വിധികള്‍ ഉള്‍പ്പെടെ പുതിയ വെല്ലുവിളികളേയും പ്രതികൂല സാഹചര്യങ്ങളെയും നിരന്തരം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും നന്നായി വിഷയങ്ങള്‍ പഠിച്ച് മാത്രം പ്രതികരിക്കണമെന്നും പ്രസ്ഥാനിക ഉന്നത നേതൃത്വമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കേരള മുസ്ലിം ജമാഅത്തും പ്രതിനിധാനം ചെയ്യുന്ന ആശയ, ആദര്‍ശങ്ങളുടെ പ്രചാരണം ശക്തിപ്പെടുത്തണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉല്‍ബോധിപ്പിച്ചു.
പൂര്‍വ്വകാല പ്രവാചകന്മാരും അനുഗ്രഹീത പ്രബോധകരായ ഔലിയാക്കളും മാതൃകായോഗ്യരായ ഇമാമുമാരും പ്രബോധന രംഗത്ത് സ്വീകരിച്ച നയ നിലപാടുകള്‍ മഹല്ലുകളില്‍ പ്രാവര്‍ത്തികമാക്കേണ്ടത് മത രംഗം കൈകാര്യം ചെയ്യുന്ന പണ്ഡിതന്മാരാണെന്നും അവര്‍ ദൗത്യ നിര്‍വഹണത്തില്‍ വിജയിക്കണമെന്നും കാന്തപുരം പറഞ്ഞു. ജാഗ്രതയാണ് കരുത്ത് എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി മര്‍കസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ ഇമാം കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ഞൂറോളം മഹല്ലുകളില്‍ നിന്നുള്ള ഖാളി, ഖത്വീബ്, മുദ്ദരിസ്, ഇമാം. സദര്‍, മുഅല്ലിം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി, സമസ്ത കേന്ദ്ര മുശാവറ സെക്രട്ടരി കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന് സഖാഫി വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.കെ അബ്ദുറഹ്മാന് ബാഖവി അധ്യക്ഷ വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, എന്‍. അലി അബ്ദുല്ല, മജീദ് കക്കാട്, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് കെ.വി തങ്ങള്‍, ജി. അബൂബക്കര്‍ സംബന്ധിച്ചു. ലത്തീഫ് മുസ്ലിയാര് കുറ്റിക്കാട്ടൂര്‍ സ്വാഗതവും അബ്ദുള്ള സഅദി ചെറുവാടി നന്ദിയും പറഞ്ഞു.