കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ വഫാത്തായി
അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
കോഴിക്കോട്: പ്രമുഖ ഇസ്ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റും സീനിയർ മുദരിസ്സുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ (ചെറിയ എ.പി ഉസ്താദ്) വഫാത്തായി. 72 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു അന്ത്യം.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആദ്യ ശിഷ്യനാണ്. മുസ്ലിം കർമ്മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദനായ എ പി മുഹമ്മദ് മുസ്ലിയാരുടെ പഠനങ്ങളും ഫത്വകളും പ്രഭാഷണങ്ങളും മുസ്ലിം സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനങ്ങൾ ചെലുത്തിയിരുന്നു.
പരേതരായ കല്ലാച്ചി മരക്കാർ ഹാജിയുടെയും ആയിശയുടെയും മകനായി 1950ൽ കൊടുവള്ളിക്കടുത്ത കരുവൻപൊയിലിൽ ജനനം. കാന്തപുരം, കോളിക്കൽ, മങ്ങാട് എന്നീ ദർസുകളിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കീഴിലെ ദീർഘ കാല പഠനത്തിനു ശേഷം തമിഴ്നാട് വെല്ലൂർ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം നേടി. 1975ൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം. കഴിഞ്ഞ ഇരുപത് വർഷമായി മർകസിൽ പ്രധാന മുദരിസ്സായി സേവനം ചെയ്ത് വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.
മക്കൾ: അബ്ദുല്ല റഫീഖ്, അൻവർ സ്വാദിഖ് സഖാഫി (ഡയറക്ടർ, അൽ ഖമർ), അൻസാർ, മുനീർ, ആരിഫ, തശ്രീഫ. മരുമക്കൾ: ഇ.കെ. ഖാസിം അഹ്സനി, അബ്ദുൽ ജബ്ബാർ, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.
രാവിലെ ഒൻപത് മണിക്ക് കാരന്തൂർ മർകസ് മസ്ജിദുൽ ഹാമിലിയിൽ നടക്കുന്ന മയ്യിത്ത് നിസ്കാരത്തിനു ശേഷം കൊടുവള്ളി കരുവൻപൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ ഖബറടക്കും. ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങൾ ചെയ്ത പണ്ഡിതനെയാണ് എ.പി മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.