സാമൂഹിക സമുദ്ധാരണത്തിൽ സ്ത്രീകളുടെ പങ്ക് നിസ്തുലം: സി മുഹമ്മദ് ഫൈസി
നാളെ നടക്കുന്ന സമാപന സംഗമം മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. ...
മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മുപ്പതാം വർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പൂർവ്വവിദ്യാർഥി സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
December 26, 2022
Updated
കോഴിക്കോട് : സാമൂഹിക സമുദ്ധാരണത്തിൽ സ്ത്രീകളുടെ പങ്ക് നിസ്തുലമാണെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മുപ്പതാം വർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പൂർവ്വവിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മർകസ് വിഭാവനം ചെയ്യുന്ന സാർവ്വദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസം, കുടുംബം, തൊഴിൽ, സാംസ്കാരിക രംഗങ്ങളിലെ മുന്നേറ്റത്തിനും മർകസ് പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിച്ച വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിന് ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് കെ മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. വള്ളിയാട് മുഹമ്മദലി സഖാഫി, സി കെ മുഹമ്മദ്, എ കെ മുഹമ്മദ് അശ്റഫ്, ഡോ.അബൂബക്കർ നിസാമി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പൂർവ്വ വിദ്യാർത്ഥിനി സംഗമത്തിൽ ഹെഡ്മിസ്ട്രസ് എ ആയിശാബീവി ടീച്ചർ സംസാരിച്ചു.
നാളെ (ചൊവ്വ) നടക്കുന്ന സമാപന സംഗമം പി ടി എ പ്രസിഡന്റ് വി എം റശീദ് സഖാഫിയുടെ അധ്യക്ഷതയിൽ മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ എ റശീദ് മാസ്റ്റർ, മർകസ് അക്കാദമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, മർകസ് അലുംനി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സി.പി ഉബൈദുല്ല സഖാഫി, അഷ്റഫ് അരയങ്കോട്, ജൗഹർ, മർകസ് പി ആർ ഡി ഡയറക്ടർ കെ.കെ ഷമീം, അക്ബർ ബാദ്ഷ സഖാഫി, ഗേൾസ് അലുംനി ഭാരവാഹികളായ ഷോളിത, ഉർസില തുടങ്ങിയവർ സംബന്ധിക്കും.