തിരുനബിയുടെ ജീവിതമാതൃകയിൽ നിന്ന് വ്യതിചലിക്കാതിരിക്കുക: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
ആദ്യദിവസം 1985 മുതൽ 2009 ബാച്ച് വരെയുള്ളവരാണ് ഒരുമിച്ചുകൂടിയത്....
മർകസ് നോളേജ് സിറ്റിയിൽ നടന്ന സഖാഫി സ്കോളേഴ്സ് സമ്മിറ്റ് 'ഇസ്നാദ്-23'ൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു.
Markaz Live News
January 13, 2023
Updated
കോഴിക്കോട്: തിരുനബിയും അനുചരരും സത്യവിശ്വാസികളും ജീവിച്ച മാർഗമാണ് യഥാർത്ഥ ഇസ്ലാമെന്നും ആ പാത പിൻപറ്റി ജീവിക്കാനാണ് എല്ലാവരും ഉത്സാഹിക്കേണ്ടതെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മർകസ് നോളേജ് സിറ്റിയിൽ നടന്ന സഖാഫി സ്കോളേഴ്സ് സമ്മിറ്റ് 'ഇസ്നാദ്-23'ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതവിഷയങ്ങളിൽ പുതിയ വാദങ്ങളുമായി വരുന്നവർ എക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും അവരുടെ ചതിയിൽ അകപ്പെടാതെ ലോകാവസാനം വരെയും മതം സംരക്ഷിക്കേണ്ടത് പണ്ഡിതരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
മർകസ് കോളേജ് ഓഫ് ശരീഅഃയിൽ നിന്നും പഠനം പൂർത്തിയാക്കിയ സഖാഫി പണ്ഡിതർ ഒരുമിച്ചുകൂടുന്ന സ്കോളേഴ്സ് സമ്മിറ്റിന്റെ ആദ്യദിവസം 1985 മുതൽ 2009 ബാച്ച് വരെയുള്ളവരാണ് ഒരുമിച്ചുകൂടിയത്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രസ്ഥാനം, ചരിത്രം, പദ്ധതി തുടങ്ങിയ സെഷനുകളിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ വിഷയമവതരിപ്പിച്ചു.
വി.പി.എം ഫൈസി വില്യാപള്ളി, മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ താഴപ്ര, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, പിഎസ്കെ മൊയ്തു ബാഖവി, വിടി അഹ്മദ് കുട്ടി മുസ്ലിയാർ, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അലവി സഖാഫി കൊളത്തൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, റഹ്മത്തുല്ല സഖാഫി എളമരം, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.
സമ്മിറ്റിന്റെ അവസാനദിനമായ നാളെ(ശനി) 2010 മുതൽ 2022 ബാച്ച് വരെയുള്ള സഖാഫികളാണ് സംഗമിക്കുക. നേരത്തെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർ രാവിലെ 9 30 ന് റിപ്പോർട്ട് ചെയ്യണമെന്നും സ്പോർട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടാവുമെന്നും സഖാഫി ശൂറ ഓഫീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9846311199