ചന്ദ്രയാൻ ലാൻഡിങ് രാജ്യത്തിന്റെ ശക്തി വിളിച്ചോതുന്നത് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
Markaz Live News
August 24, 2023
Updated
കോഴിക്കോട്: ചാന്ദ്രദൗത്യങ്ങൾക്ക് അപ്രാപ്യമായിരുന്ന ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതിലൂടെ ചന്ദ്രയാൻ 3 ഇന്ത്യയുടെ യശ്ശസുയർത്തിയെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. കൃത്യമായ ആസൂത്രണത്തിനും ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സമർപ്പണത്തിനും രാജ്യത്തിന്റെ ശാസ്ത്രീയ വൈദഗ്ധ്യത്തിനും ഉള്ള അംഗീകാരമാണ് ഈ നേട്ടം. ലോക രാജ്യങ്ങൾക്കിടയിൽ നമ്മുടെ അഭിമാനം ഉയർത്തിയ ദൗത്യത്തിലൂടെ ചന്ദ്രന്റെ ഭൂമിശാസ്ത്രത്തെയും ഘടനയെയും കുറിച്ചുള്ള ധാരണ വിപുലപ്പെടുകയും കൂടുതൽ പര്യവേക്ഷണങ്ങൾക്ക് വഴിയൊരുങ്ങുകയും ചെയ്യുമെന്നും നേട്ടം രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും കാന്തപുരം പറഞ്ഞു. മനുഷ്യന്റെ അറിവിന്റെയും ബഹിരാകാശ പര്യവേഷണത്തിന്റെയും അതിരുകൾ ഭേദിച്ച പ്രസ്തുത നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച കേന്ദ്ര സർക്കാരിനെയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും കാന്തപുരം അഭിനന്ദിച്ചു. ശാസ്ത്രപുരോഗതിക്കുവേണ്ടിയുള്ള ഇന്ത്യയുടെ സമർപ്പണം ഓരോ പൗരന്റെയും അഭിമാനമാണ്. അതിരുകളില്ലാത്ത അറിവിന്റെ അന്വേഷണത്തെ ഏവരും പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കുറിപ്പിൽ പങ്കുവെച്ചു.