കോഴിക്കോട്: മര്‍കസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സ് ഇന്ന്(ഒക്ടോബര്‍ ഒന്ന്) വൈകുന്നേരം നാലിന് നോളേജ് സിറ്റിയില്‍ തുടക്കമാവും. വിവിധ രാജ്യങ്ങളിലെ ഗ്രാന്‍ഡ് മുഫ്തിമാരും പണ്ഡിതരും സമസ്ത നേതാക്കളും സംബന്ധിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അതിഥികളും പ്രതിനിധികളും കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചേർന്നിരുന്നു. വ്യത്യസ്ത ഭാഷയിലുള്ള പ്രവാചക പ്രകീർത്തന പ്രസംഗങ്ങളും കാവ്യങ്ങളും കേൾക്കുന്നതിനും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണം ശ്രവിക്കുന്നതിനുമായി പതിനായിരങ്ങൾ ഇന്ന് നോളേജ്സിറ്റിയിൽ സംഗമിക്കും. സമുദ്രതീര രാജ്യങ്ങളിലെ യമൻ പാരമ്പര്യ സാദാത്തുക്കൾ നേതൃത്വം നൽകുന്ന ആത്മീയ സദസ്സുകളുടെ സവിശേഷ മാതൃകയിലാണ് ഇത്തവണത്തെ സമ്മേളനം.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ലബനാന് മുഫ്തി ശൈഖ് ഉസാമ അബ്ദുല്‍ റസാഖ് അല്‍ രിഫാഈ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ഡോ. ഉസാമ അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി അഹ്മദ് ദേവര്‍കോവില്‍, ടുണീഷ്യന്‍ പണ്ഡിതരായ ശൈഖ് മുഹമ്മദ് അല്‍മദനി, ശൈഖ് അനീസ് മര്‍സൂഖ്, സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി സംസാരിക്കും.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമിന്റെ പ്രത്യേക പ്രതിനിധി സംഘം, ഗള്‍ഫ് രാജ്യങ്ങളിലെ പൗരപ്രമുഖര്‍ തുടങ്ങി ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളും സമ്മേളനത്തില്‍ മുഖ്യാതിഥികളാവും. സമ്മേളനത്തിന്റെ ഭാഗമായി ലോക പ്രശസ്തമായതും പാരമ്പരാഗതവുമായ മൗലിദുകളും കാവ്യങ്ങളും അവതരിപ്പിക്കും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, പി ഹസൻ മുസ്ലിയാർ വയനാട്, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുറഹ്മാൻ ഹാജി കുറ്റൂർ, എ പി അബ്ദുൽ കരീം ഹാജി ചാലിയം സംബന്ധിക്കും.
2004 മുതലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതരെയും സാദാത്തുക്കളെയും പ്രകീർത്തന സംഘങ്ങളെയും ഒരുമിപ്പിച്ച് മർകസിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ മീലാദ് കോൺഫറൻസുകൾ ആരംഭിച്ചത്. ഡോ. ഉമർ അബ്ദുല്ല കാമിൽ, അബ്ദുൽ ഫത്താഹ് മൊറോ ടുണീഷ്യ, ഔൻ മുഈൻ അൽ ഖദ്ദൂമി, ശൈഖ് അബ്ദുല്ല ഫറജ് തുടങ്ങി ആഗോളപ്രസ്തരായ പണ്ഡിതരും ഈജിപ്ത്, ഒമാൻ, മലേഷ്യ രാജ്യങ്ങളിൽ നിന്നുള്ള ട്രൂപ്പുകളും കഴിഞ്ഞ വർഷങ്ങളിലെ മീലാദ് സമ്മേളനത്തിലെ പ്രധാന ആകർഷണീയതയായിരുന്നു. ആദ്യമായാണ് മർകസ് നോളേജ് സിറ്റി മീലാദ് കോൺഫറൻസിന്റെ വേദിയാവുന്നത്. സമ്മേളനത്തിൽ സംബന്ധിക്കാനായെത്തുന്ന അതിഥികൾക്കായി നോളേജ് സിറ്റിയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.