ഫലസ്തീൻ-ഇസ്രായേൽ യുദ്ധം, സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി.
അഖ്സയുടെ പുണ്യഭൂമിയിൽ സമാധാനം പുലരാൻ ഏവരും മനസ്സുരുകി പ്രാർത്ഥിക്കാനും ആഹ്വാനം...
അഖ്സയുടെ പുണ്യഭൂമിയിൽ സമാധാനം പുലരാൻ ഏവരും മനസ്സുരുകി പ്രാർത്ഥിക്കാനും ആഹ്വാനം...
കോഴിക്കോട്: ഇസ്രായേൽ- ഫലസ്തീൻ യുദ്ധം അനിശ്ചിതത്വത്തിലേക്കും തീവ്രതയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹവും യു എന്നും അടിയന്തിരമായി ഇടപെടണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഫലസ്തീൻ ജനതക്ക് നീതി ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തിനും യു എൻ അടക്കമുള്ള സംഘടനകൾക്കും സാധിക്കാത്തത് കൊണ്ടാണ് അവിടുത്തെ ഒരു വിഭാഗം ആയുധമേന്താൻ നിർബന്ധിതരായിരിക്കുന്നത്. ഈ യാഥാർഥ്യം മനസ്സിലാക്കാതെ സമീപിക്കുന്നത് പശ്ചിമേഷ്യൻ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കും. ഇസ്റാഈലിന് സാമ്പത്തികവും സായുധവുമായ സഹായം നൽകിയ ലോക രാഷ്ട്രങ്ങൾ ഇസ്റാഈൽ ആക്രമിക്കപ്പെടുമ്പോൾ മാത്രം മനുഷ്യജീവന്റെ വിലയെക്കുറിച്ച് ആകുലപ്പെടുന്നത് മാനുഷിക വിരുദ്ധമാണ്.
ഫലസ്തീനിലായാലും ഇസ്റാഈലിലായാലും പിഞ്ചു കുഞ്ഞുങ്ങൾ അടക്കമുള്ള നിരപരാധികൾ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും പൂർണമായും അവസാനിപ്പിക്കാൻ മാനവികനന്മ ഉൾകൊള്ളുന്ന മുഴുവൻ രാജ്യങ്ങളും മുന്നോട്ട് വരണം. നിരപരാധികളെ ഇല്ലായ്മ ചെയ്യുന്ന യുദ്ധ സാഹചര്യങ്ങൾ മാനവികതക്ക് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. ഇരു രാജ്യങ്ങളും നന്മ ഉൾകൊണ്ട് യുദ്ധത്തിൽ നിന്ന് പിന്മാറണം.
ജന്മ നാടിനു വേണ്ടിയുള്ള ഫലസ്തീന്റെ പോരാട്ടത്തെ ഭീകരവാദവും തീവ്രവാദവുമായി മുദ്രകുത്തി പരിഹരിക്കാവുന്ന പ്രശ്നമല്ല പശ്ചിമേഷ്യയിലേത്. അന്താരാഷ്ട്ര യുദ്ധ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി കുടിവെള്ളം അടക്കമുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്തി ജനവാസ കേന്ദ്രങ്ങൾ മുന്നറിയിപ്പില്ലാതെ ആക്രമിക്കുന്ന ഇസ്രായേൽ നടപടി നീതികരിക്കാവുന്നതല്ല.
വലിയ യുദ്ധക്കെടുതികളിലേക്കും ലോകം തന്നെ ചേരിതിരിഞ്ഞു പ്രവർത്തിക്കുന്ന സാഹചര്യത്തിലേക്കും പോകുന്നത് അത്യന്തം ഭീതിജനകമാണ്. യുദ്ധം ശക്തിപ്പെടാതെ രമ്യതയിലേക്കെത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ നടത്താൻ യു എൻ അടക്കമുള്ള സംഘടനകളും അറബ് രാജ്യങ്ങളും മുസ്ലിം കൂട്ടായ്മകളും മുന്നോട്ട് വരണം. അഖ്സയുടെ പുണ്യഭൂമിയിൽ സമാധാനം പുലരാൻ ലോകജനത മനസ്സുരുകി പ്രാർത്ഥിക്കണം. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പള്ളികളിൽ പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കുകയും വേണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പറഞ്ഞു.