സാമൂഹിക പ്രവർത്തന രംഗത്തെ മികവ്; അബ്ദുല്ല മഅ്തൂഖ് അൽ മഅ്തൂഖിനെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ആദരിച്ചു
കുവൈത്ത് ആസ്ഥാനമായ ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ ചെയർമാൻ അബ്ദുല്ല മഅ്തൂഖ് അൽ മഅ്തൂഖിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉപഹാരം കൈമാറുന്നു.
Markaz Live News
January 23, 2024
Updated
കുവൈത്ത് സിറ്റി: സാമൂഹിക പ്രവർത്തന രംഗത്ത് ആഗോള പ്രശസ്തി നേടിയ കുവൈത്ത് ആസ്ഥാനമായ ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ ചെയർമാൻ അബ്ദുല്ല മഅ്തൂഖ് അൽ മഅ്തൂഖിനെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപനങ്ങളുടെ ചെയർമാനുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആദരിച്ചു. ജീവകാരുണ്യ മേഖലയിൽ ഏറെ കാലമായി സജീവ സാന്നിധ്യമായ അബ്ദുല്ല മഅ്തൂഖ് 2023 ലെ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തന സംഘാടകനുള്ള അവാർഡ് കരസ്ഥമാക്കിയിരുന്നു. നിലവിൽ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ മാനവിക വിഷയങ്ങളിലെ പ്രത്യക ദൂതനും കുവൈത്ത് ഭരണാധികാരിയുടെ ഉപദേഷ്ടാക്കളിൽ പ്രമുഖനുമാണ് അബ്ദുല്ല മഅ്തൂഖ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും നേട്ടത്തെയും അഭിനന്ദിച്ച ഗ്രാൻഡ് മുഫ്തി സേവന-മനുഷ്യാവകാശ രംഗത്ത് പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും കൂടുതൽ സജീവമാവാനും സാധിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്തു.
പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ അഭിമുഖീകരിച്ച വേളയിൽ ഇന്ത്യൻ ജനതയെ സഹായിച്ച ചാരിറ്റി ഓർഗനൈസേഷനും കുവൈത്ത് ജനതക്കുമുള്ള നന്ദി അറിയിച്ചു. പ്രവാസി ഇന്ത്യക്കാരോടും മലയാളികളോടും കുവൈത്ത് ഭരണകൂടവും പൗരരും പുലർത്തുന്ന സ്നേഹത്തിലും പിന്തുണയിലും ഗ്രാൻഡ് മുഫ്തി സന്തോഷം പ്രകടിപ്പിച്ചു.
സാമൂഹിക പ്രവർത്തന രംഗത്തെ പുതിയ പ്രവണതകളും സാഹചര്യങ്ങളും വെല്ലുവിളികളും കൂടിക്കാഴ്ചയിൽ സംസാരവിഷയമായി. ഇന്ത്യയിലുടനീളം മർകസ് നടത്തുന്ന വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങളും ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷന്റെ സേവനങ്ങളും ഇരുവരും ചർച്ചചെയ്തു. കൂടിക്കാഴ്ചയിൽ മർകസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അഡ്വ. തൻവീർ ഉമർ സംബന്ധിച്ചു. ഫെബ്രുവരി 3 ന് നടക്കുന്ന മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കുവൈത്തിലെ പൗര പ്രമുഖരെ സന്ദർശിക്കുന്നതിനിടെയാണ് അബ്ദുല്ല മഅ്തൂഖുമായി ഗ്രാൻഡ് മുഫ്തിയും സംഘവും കൂടിക്കാഴ്ച നടത്തിയത്.