കോഴിക്കോട്: മർകസ് സുന്നത്ത് ജമാഅത്തിന്റെ അഭിമാനവും അഭയകേന്ദ്രവുമാണെന്നും ഫെബ്രുവരി മൂന്നിന് നടക്കുന്ന മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം വിജയിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാർ. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി വിവിധ സുന്നി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സന്ദേശ പര്യടനത്തിന് ജാമിഅ ഇഹ്യാഉസുന്നയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മർകസ് സീനിയർ മുദർരിസ് വി.പി.എം ഫൈസി വില്യാപ്പള്ളി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ഹസൻ ബാഫഖി, ഫള്ലുറഹ്മാൻ അഹ്സനി, അബ്ദുല്ല അഹ്സനി സംബന്ധിച്ചു.
മഅദിൻ അക്കാദമി, ജാമിഅ ഹികമിയ്യ, കൊണ്ടോട്ടി ബുഖാരി എന്നിവിടങ്ങളിലും സംഘം സന്ദർശിച്ചു. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, അബൂ ഹനീഫൽ ഫൈസി തെന്നല തുടങ്ങിയ പണ്ഡിത നേതൃത്വവുമായും ജീവനക്കാരുമായും വിദ്യാർഥികളുമായും സമ്മേളന സന്ദേശം പങ്കുവെക്കുകയും ക്ഷണിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിൽ ദാറുൽ മആരിഫ്, ഫറോക് ഖാദിസിയ്യ, എസ് എ ടവർ, മർകസ് നോളേജ് സിറ്റി എന്നീ സ്ഥാപനങ്ങളിൽ പര്യടനം നടത്തുകയും കോടമ്പുഴ ബാവ മുസ്ലിയാർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി തുടങ്ങിയ നേതാക്കൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും സന്ദേശം കൈമാറുകയും ചെയ്തു. സുന്നി യുവജന സംഘം സംസ്ഥാന ഭാരവാഹികളുമായും പര്യടനത്തിന്റെ ഭാഗമായി കൂടിക്കാഴ്ച്ച നടത്തി. പ്രചാരണ പര്യടനത്തിന് മുഹമ്മദലി സഖാഫി വള്ളിയാട്, അക്ബർ ബാദുഷ സഖാഫി, ബശീർ സഖാഫി കൈപ്പുറം, അബ്ദുല്ല സഖാഫി മലയമ്മ, കെ കെ ശമീം, അബൂബക്കർ ഹാജി കിഴക്കോത്ത്, സി പി സിറാജ് സഖാഫി, ഹനീഫ് അസ്ഹരി, റശീദ് സഖാഫി, ദുൽകിഫിൽ സഖാഫി, ഹസീബ് അസ്ഹരി, സഹൽ സഖാഫി വിവിധയിടങ്ങളിൽ നേതൃത്വം നൽകി.