നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിക്ക് ഇത് അഭിമാന ദിവസം. കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളജ് ആയ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച 212 വിദ്യാര്‍ഥികള്‍ ഡോക്ടര്മാരായും മര്‍കസ് ലോ കോളജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച 50 വിദ്യാര്‍ഥികള്‍ വക്കീലുമാരായും പുറത്തിറങ്ങിയത് ഒരേദിവസമാണ്.
മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന യുനാനി ബിരുദധാന ചടങ്ങ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ ബാധ്യതകള്‍ നിര്‍വഹിക്കുന്ന വിദ്യാര്‍ഥി സമൂഹം കാലത്തിന്റെ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്ന വിദ്യാര്‍ഥികളെയും വിദ്യാസമ്പന്നരെയും നിര്‍മിക്കാനുള്ള മര്‍കസിന്റെ ശ്രമം ശ്ലാഘനീയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പഠിച്ച അറിവുകളെ സാമൂഹികമായി വിനിയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയട്ടെയെന്നും അവര്‍ ആശംസിച്ചു. ലിന്റോ ജോസഫ് എം എല്‍ എ മുഖ്യാതിഥി ആയി.
31 വിദ്യാര്‍ഥികളും 19 വിദ്യാര്‍ഥിനികളും ഉള്‍പ്പെടെ 50 പേരാണ് കേരള ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്യുന്നത്. ഇതില്‍ 24 വിദ്യാര്‍ഥികള്‍ മര്‍കസ് നോളജ് സിറ്റിയിലെ തന്നെ വിറാസില്‍ നിന്ന് ഇസ്ലാമിക് തിയോളജിയില്‍ അഞ്ചു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയവരാണ്. മര്‍കസ് ലോ കോളജില്‍ നിന്നും ഇതിനകം 296 അഡ്വക്കേറ്റുമാരാണ് എന്റോള്‍ ചെയ്തത്.
കേരള ആരോഗ്യ സര്‍വകലാശാലയുടെയും സെന്‍ട്രല്‍ കമ്മീഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനും കീഴില്‍ നാല് ബാച്ചുകളിലായി പഠനം പൂര്‍ത്തീകരിച്ചവരാണ് മെഡിക്കല്‍ ബിരുദം സ്വീകരിച്ചത്. നിലവില്‍ വിദേശത്തുള്‍പ്പെടെ തുടര്‍പഠനം നടത്തുകയും സര്‍ക്കാര്‍- സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഇവര്‍.
കേരളത്തിന് പുറമെ ഉത്തരാഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മെഡിക്കല്‍ പഠനം പൂര്‍ത്തീകരിച്ചത്. പത്തോളം സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികളാണ് നിലവില്‍ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ പഠനം നടത്തുന്നത്.
നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, യൂസുഫ് നൂറാനി, നൂറുദ്ദീന്‍ നൂറാനി, ഡോ. യു കെ മുഹമ്മദ് ശരീഫ്, റഹീമ ടി പി സംസാരിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എ സൈഫുദ്ദീന് ഹാജി, ഡോ. സയ്യിദ് നിസാം റഹ്മാന്, ഡോ. അസ്മത്തുല്ല, ഡോ. ഇഫ്തിഖാറുദ്ദീന്, ഡോ. യു മുജീബ്, ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍, ഡോ. സല്‍മ ബാനു, ഡോ. സഹൂറുല്ല, ഡോ. ഉന്വാന് സംബന്ധിച്ചു.