താഷ്കന്റ്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്മദിന് ഇമാം ബുഖാരിയുടെ ജന്മനാട് നൽകുന്ന ആദരവ് സംഗമം ഇന്ന്(വെള്ളി). ഖുർആന് ശേഷം മുസ്ലിംകൾ ഏറ്റവും ശ്രേഷ്ഠമായി കരുതുന്ന സ്വഹീഹുൽ ബുഖാരി എന്ന വിശ്രുത ഹദീസ് ഗ്രന്ഥത്തിന്റെ രചയിതാവായ ഇമാം ബുഖാരിയുടെ ജന്മനാടായ ബുഖാറയിൽ വെച്ചാണ് വിവിധ മുസ്ലിം പണ്ഡിത കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ്. ഇതോടനുബന്ധിച്ച് അന്താരാഷ്ട്ര ഹദീസ് കോൺഫറൻസും സംഘടിപ്പിച്ചിട്ടുണ്ട്.
സമകാലിക ലോകത്ത് അന്തരാഷ്ട്ര തലത്തിൽ വിപുലമായ ദഅ്വാ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തി എന്ന നിലയിൽ നൽകുന്ന ആദരവിന് പ്രമുഖ യമനി പണ്ഡിതനും ദാറുൽ മുസ്തഫ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ശൈഖ് ഉമർ ഹഫീളിനേയും തിരഞ്ഞെടുത്തിട്ടുണ്ട്. വിശ്വ പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ പഠനത്തിനും പ്രചാരണത്തിനും നൽകിയ സേവനങ്ങളെയും ഇന്ത്യയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും പരിഗണിച്ചാണ് ഗ്രാൻഡ് മുഫ്തിയെ ആദരവിന് തിരഞ്ഞെടുത്തതെന്ന് സംഘാടകർ വ്യക്തമാക്കി. അറബ് ലോകത്തിന് പുറത്ത് ഒരു മുസ്ലിം പണ്ഡിതൻ നടത്തുന്ന ഏറ്റവും വലുതും പഴക്കം ചെന്നതുമായ ബുഖാരി പഠന മജ്ലിസാണ് ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ മർകസിൽ നടക്കുന്ന ബുഖാരി ക്ലാസുകൾ. ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ പങ്കെടുക്കുന്ന ആദരവ് ചടങ്ങിൽ ഗ്രാൻഡ് മുഫ്തി വിവിധ ഇജാസത്തുകളും കൈമാറും. അറബ് പ്രദേശത്ത് ഏറ്റവും വലിയ ബുഖാരി ദർസ് നടത്തുന്ന വ്യക്തികൂടിയാണ് ശൈഖ് ഉമർ ബിൻ ഹഫീള്.
ചടങ്ങുകൾ ചെച്നിയൻ പ്രധാനമന്ത്രി റമളാൻ കെദിറോവിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് ആദം ശഹീദോവ് ഉദ്ഘാടനം ചെയ്യും. ഈജിപ്ത് പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് ഉസാമ അൽ അസ്ഹരി ചടങ്ങിൽ മുഖ്യാതിഥിയാവും. പാശ്ചാത്യ ലോകത്തെ പ്രമുഖ മുസ്ലിം പണ്ഡിതനായ ശൈഖ് യഹ്യ റോഡസ്, താഷ്കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മതുല്ലാഹി തിർമിദി, ബുഖാറ മുഫ്തി ശൈഖ് ജാബിർ ഏലോവ്, സുർഖൻദരിയ ഖാളി ശൈഖ് അലി അക്ബർ സൈഫുല്ലാഹ് തിർമിദി സംബന്ധിക്കും.
സമർഖന്ദിലെ ഇമാം ബുഖാരിയുടെ അന്ത്യവിശ്രമകേന്ദ്രത്തിൽ ഗ്രാൻഡ് മുഫ്തി നേത്യത്വം നൽകുന്ന ഗ്രാൻഡ് സ്വഹീഹുൽ ബുഖാരി ദർസ് നാളെ(ശനി) നടക്കും. ഉസ്ബാക്കിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ബുഖാരി മജ്ലിസാണിത്. ഇമാം ബുഖാരിയുടെ ജന്മനാട്ടിലും മധ്യേഷ്യയിലും സ്വഹീഹുൽ ബുഖാരിയുടെ പുനരുദ്ധാരണം ലക്ഷ്യം വെച്ചുള്ള ഗ്രാൻഡ് മുഫ്തിയുടെയും ശൈഖ് ഉമർ ബിൻ ഹഫീളിന്റെയും ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉസ്ബാക്കിസ്ഥാൻ പര്യടനത്തെ വളരെ പ്രാധാന്യത്തോടെയാണ് പണ്ഡിത ലോകം ഉറ്റുനോക്കുന്നത്. ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തിയിട്ടുണ്ട്. ഉസ്ബാക്കിസ്ഥാൻ ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിവിധ പരിപാടികളിലും ഗ്രാൻഡ് മുഫ്തി പങ്കെടുക്കും.